കൊച്ചി: പൊന്നുരുന്നിയിൽ ടാറിട്ട് മണിക്കൂറുകൾക്കകം വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിലെ കുഴിയടച്ചു. കളക്ടർ എസ് സുഹാസിന്‍റെ മേൽനോട്ടത്തിലായിരുന്നു കുഴിയടച്ചത്. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന് കളക്ടർ അറിയിച്ചു. എല്ലാ രണ്ടാഴ്ചയിലും കളക്ടറേറ്റിൽ എക്സിക്യൂട്ടീവ് യോഗം ചേരും. റോഡിലെ കുഴികൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് നേരിട്ട് വിവരം അറിയിക്കാമെന്നും കളക്ടർ അറിയിച്ചു.

അർദ്ധരാത്രി ടാർ ചെയ്ത് വൃത്തിയാക്കിയ പൊന്നുരുന്നിയിലെ റോഡ് പുലർച്ചെ തന്നെ വെട്ടിപ്പൊളിച്ചായിരുന്നു വാട്ടർ അതോറിറ്റിയുടെ 'പൈപ്പിടൽ'. എട്ട് മാസമായി തകർന്ന് കിടന്ന റോഡ് നാട്ടുകാർ നിരന്തരം സമരം ചെയ്തിട്ടാണ് പിഡബ്ല്യുഡി വന്ന് ശരിയാക്കിക്കൊടുത്തത്. ഞായറാഴ്ച രാത്രിയോടെ ഈ റോഡിന്‍റെ ടാറിംഗ് പിഡബ്ല്യുഡി തീർത്തു. എന്നാല്‍, രാവിലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി റോഡ് കുത്തിപ്പൊളിക്കുകയായിരുന്നു. ഒരാൾക്ക് ഇറങ്ങി നിൽക്കാൻ വലിപ്പമുള്ള കുഴിയാണ് വാട്ടർ അതോറിറ്റി പുത്തൻ പുതിയ റോഡിൽ കുഴിച്ചത്. അമൃത് കുടിവെള്ളപദ്ധതിയുടെ പൈപ്പ് ടെസ്റ്റിംഗിന് വേണ്ടിയാണ് പൊന്നുരുന്നി പാലത്തിന് സമീപം റോഡിന്‍റെ മധ്യഭാഗത്ത് തന്നെ പത്ത് അടി നീളത്തിൽ റോഡ് വെട്ടിപ്പൊളിച്ചത്. സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന പരാതിയുടെ പ്രത്യക്ഷ ഉദാഹരണമാണ് പൊന്നുരുന്നി റോഡ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.