അനാശാസ്യമെന്ന് രഹസ്യ വിവരം, ഉടമയും മാനേജരും പിടിയിൽ 5 യുവതികളെ മോചിപ്പിച്ചു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.
ആലപ്പുഴ: ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ കേസിൽ ഹോം സ്റ്റേ ഉടമയും മാനേജരും പൊലീസ് പിടിയിലായി. ആലപ്പുഴ ആര്യാട് പഞ്ചായത്ത് സർഗാ ജംഗ്ഷന് സമീപത്തെ 'ലക്സസ്' ഹോം സ്റ്റേ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയിരുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ആര്യാട് പഞ്ചായത്തിലെ അവലുക്കുന്നിൽ പൊക്കത്തെ വീട്ടിൽ അജിത്ത് കുമാറിനെയും (ഉണ്ണി) മാനേജരായ പത്തനംതിട്ട നെടുമൺ സ്വദേശിനി ബിജിനി സാജനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി. ഹോം സ്റ്റേയിൽ അനധികൃതമായി പാർപ്പിച്ചിരുന്ന അഞ്ച് സ്ത്രീകളെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
