ഇടുക്കി : ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ, മൂന്നാറിലെ പാഷന്‍ ഫ്രൂട്ട് കര്‍ഷകര്‍ക്ക് ആശ്വാസവുമായി ഹോര്‍ട്ടി കോര്‍പ്പ്. കോവിഡിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൗണായതോടെയാണ് കെ.ഡി.എച്ച്.പി എസ്റ്റേറ്റ് സൈലന്റ് വാലി എസ്റ്റേറ്റിലെ പാഷന്‍ ഫ്രൂട്ട് കര്‍ഷകരുടെ അധ്വാനത്തിനും ലോക്ക് വീണു. 

ലോക്ക് ഡൗണിനെ തുടര്‍ന്ന് വിനോദസഞ്ചാരികളുടെ വരവ് നിലച്ചതും ചരക്കുഗതാഗതം ഇല്ലാതായതുമാണ് പാഷന്‍ ഫ്രൂട്ട് കര്‍ഷകരുടെ സ്ഥിതി ദയനീയമാക്കിയത്. വിളവെടുത്ത മൂന്ന് ടണ്‍ പാഷന്‍ ഫ്രൂട്ട് പഴങ്ങളാണ് വിപണിയില്‍ എത്തിക്കാനാവാതെ കെട്ടിക്കിടന്നത്. ആദ്യം വിളവെടുത്ത പഴങ്ങള്‍ നശിച്ചതോടെ മണ്ണില്‍ കുഴിച്ചിട്ട് നശിപ്പിക്കേണ്ടി വന്നു. 

അടിയന്തിര നടപടികള്‍ ഉണ്ടാകാത്ത പക്ഷം കര്‍ഷകര്‍ക്ക് വന്‍ നഷ്ടം നേരിടേണ്ടി വരുമെന്ന സാഹചര്യത്തില്‍ ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് കുമാറാണ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.  കര്‍ഷകരുടെ സ്ഥിതി മനസ്സിലാക്കി പാഷന്‍ ഫ്രൂട്ട് നശിക്കാതെ വിപണിയില്‍ എത്തിക്കുവാനുള്ള ശ്രമങ്ങള്‍ സ്വീകരിച്ചതായി ഹോര്‍ട്ടികോര്‍പ്പ് അസിസ്റ്റന്റ് മാനേജര്‍ ജിജോ പറഞ്ഞു. 

ഒരു ടണ്ണോളം പഴങ്ങളാണ് സംഭരിച്ചിട്ടുള്ളത്. ബാക്കിയുള്ള പഴങ്ങളും ഘട്ടം ഘട്ടമായി സ്വീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പിന്റെ നടപടിയോടെ വന്‍ നഷ്ടം മുന്നില്‍കണ്ടിരുന്ന കര്‍ഷകരും ആശ്വാസത്തിലാണ്. പാഷന്‍ ഫ്രൂട്ട് ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുക്കുന്നതു വഴി തങ്ങളുടെ അധ്വാനം പാഴായിപോകാതിരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കര്‍ഷകര്‍ പ്രതികരിച്ചു.