കുമളി: ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കിയതായി പരാതി. സംസ്‌കാര ചടങ്ങിനിടെ ബന്ധുക്കള്‍ക്കുണ്ടായ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറിയതായി കണ്ടെത്തിയത്. തൊടുപുഴ ചാഴിക്കാട് ആശുപത്രിയില്‍ മരിച്ച കുമളി സ്വദേശി മാടത്തുപറമ്പില്‍ സോമന്റെ (51) ബന്ധുക്കള്‍ക്കാണ് മൂന്നാര്‍ സ്വദേശിയായ പച്ചയപ്പന്റെ മൃതദേഹം മാറ്റി നല്‍കിയത്.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സോമന്‍ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ചതിനിനെ തുടര്‍ന്ന് തുടര്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ സോമന്‍ മരിച്ചു. 

വെള്ളിയാഴ്ച രാവിലെ ബന്ധുക്കളും സുഹൃത്തുക്കളും തൊടുപുഴയിലെ ആശുപത്രിയിലെത്തി ചികിത്സാ ചിലവുകള്‍ അടച്ച് മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിക്ക് സമീപത്തു കാത്തു നിന്നു. ഇതേ സമയം പച്ചയപ്പന്റെ ബന്ധുക്കളെ മൃതദേഹം സ്വീകരിക്കാനെത്തിയിരുന്നു. 

ആശുപത്രി അധികൃതരെത്തി പിപിഇ കിറ്റില്‍ പൊതിഞ്ഞ സോമന്റെ മൃതദേഹം കൈമാറി. മൃതദേഹത്തോടൊപ്പം സോമന്‍ കുമാരന്‍ എന്ന് രേഖപ്പെടുത്തിയ ബാഗും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കി. 

എന്നാല്‍ സംസ്‌കരിക്കുന്നതിനായി എടുത്തപ്പോഴാണ് മൃതദേഹത്തില്‍ പച്ചയപ്പന്റെ പേരും വിലാസവും എഴുതി പതിച്ചിരുന്ന സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് മൃതദേഹം മാറിപ്പോയതായി ബന്ധുക്കള്‍ക്ക് മനസിലായത്. സംഭവം അറിഞ്ഞെത്തിയ കുമളി പൊലീസ് ആശുപത്രി അധികൃതരുമായി സംസാരിച്ചു. 

ഈ സമയത്തും  പച്ചയപ്പന്റെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. തൊടുപുഴയിലുള്ള മൃതദേഹം കുമളിയില്‍ എത്തിക്കാനും പച്ചയപ്പന്റെ മൃതദേഹം മൂന്നാറിന് കൊണ്ടുപോകാനും പൊലീസ് നിര്‍ദേശം നല്‍കി. എന്തായാലും ആശുപത്രി അധികൃതരുടെ കൃത്യവിലോപം സംബന്ധിച്ച് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona