2018 നവംബറിലാണ് ജില്ലാ താലൂക് ആശുപത്രിയുടെ മതിൽ ഇടിഞ്ഞു വീഴുന്നത്. അപകടത്തിൽ വീടിന്‍റെ അടുക്കള പൂർണമായും തകർന്നു. ആശുപത്രി വേസ്റ്റ് കുന്ന് കൂടിയ കിണർ മൂടേണ്ടിയും വന്നു.
തിരുവനന്തപുരം: തലസ്ഥാനത്ത് മണ്ണിടിച്ചിൽ ഭീതിയിൽ ദുരിതം പേറി കുടുംബം. വിതുര കൊപ്പത്ത് താമസിക്കുന്ന ഉദയകുമാറും കുടുംബവുമാണ് കഴിഞ്ഞ ആറ് വർഷമായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്നത്. വിതുര താലൂക്ക് ആശുപത്രിയോട് ചേർന്നാണ് ഉദയകുമാരിന്‍റെ വീട്. 2018ലെ ശക്തമായ മഴയിൽ താലൂക്ക് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് ഉദയകുമാറിന്‍റെ വീടിന്റെ അടുക്കളയും കിണറും തകർന്നിരുന്നു. വർഷങ്ങൾക്ക് ശേഷവും മണ്ണിടിച്ചിൽ ഭീഷണിയിലാണ് ഈ കുടുംബം.
2018ൽ മഴയെ തുടർന്ന് വീടിന്‍റെ ചുറ്റുമതിൽ ഇടിഞ്ഞുണ്ടായ ദുരന്തം ഇപ്പോഴും കണ്മുമ്പിലുണ്ട് ഉദയകുമാറിനും കുടുംബത്തിനും. കല്ലും മണ്ണും വീണ വീട്ടിൽ നിന്ന് രണ്ട് മക്കളുമായി തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നത് ഞെട്ടലോടെയല്ലാതെ ഉദയകുമാറിന്‍റെ ഭാര്യ അജിതക്ക് ഓർക്കാനാകില്ല. കുളിക്കുകയായിരുന്ന ഉദയകുമാറിന്റെ പിറകിൽ കല്ല് വന്നിടിച്ചു മറിഞ്ഞു നിലത്തേക്ക് തെറിച്ച് വീണു. ഭയന്ന് വീട്ടിൽ നിന്ന് ഇറങ്ങിയോടിയാണ് കുടുംബം രക്ഷപ്പെട്ടത്.
2018 നവംബറിലാണ് ജില്ലാ താലൂക് ആശുപത്രിയുടെ മതിൽ ഇടിഞ്ഞു വീഴുന്നത്. അപകടത്തിൽ വീടിന്‍റെ അടുക്കള പൂർണമായും തകർന്നു. ആശുപത്രി വേസ്റ്റ് കുന്ന് കൂടിയ കിണർ മൂടേണ്ടിയും വന്നു. വീടിന് മുകളിൽ വീണ മണ്ണും കല്ലും മാറ്റിയതൊഴിച്ചാൽ മറ്റ് സഹായമൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചതുമില്ല. 3 ലക്ഷം രൂപ നഷ്ടപരിഹാരമായി വില്ലേജ് ഓഫീസർ രേഖപ്പെടുത്തിയെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് ഉദയകുമാർ പറയുന്നു.
പഞ്ചായത്ത് ഓഫീസ് മുതൽ ജില്ലാ കളക്ടർക്ക് വരെ മണ്ണിടിച്ചിൽ പ്രശ്നം ചൂണ്ടിക്കാട്ടി ഉദയകുമാർ പരാതി കൊടുത്തു. പക്ഷെ ഒന്നുമായില്ല. വീട്ടിലേക്ക് മറിഞ്ഞ് വന്ന മണ്ണ് മാറ്റി ചുറ്റുമതിൽ കെട്ടിത്തരണമെന്ന് മാത്രമാണ് കുടുംബത്തിന് പറയാനുള്ളത്. എന്നാൽ ഫണ്ടിന്‍റെ അപര്യാപ്തത മൂലമാണ് ചുറ്റുമതിൽ പണി നീളുന്നതെന്നാണ് അധികൃതർ പറയുന്നത്. കുടുംബത്തിന് പഠനമുറിയും കുടിവെള്ള കണക്ഷനും നൽകി. താലൂക്ക് ആശുപത്രിയുടെ ചുറ്റുമതിൽ നിർമിക്കുന്നതിന്‍റെ ഫണ്ട് തികയുകയാണെങ്കിൽ അവിടെയും ചുറ്റുമതിൽ നിർമിക്കാമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

