ആശുപത്രിയില്‍ മാലിന്യ സംസ്‌കരണ സംവിധാനമുണ്ടെങ്കിലും സൂപ്രണ്ടിന്‍റെ ഓഫീസിനോട് ചേര്‍ന്ന ഭാഗത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്.

ഇടുക്കി: മഴയില്‍ ആശുപത്രി മാലിന്യം ഗ്രൗണ്ടിലേക്ക് ഒഴുകിയിറങ്ങുന്നതായി പരാതി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള മാലിന്യങ്ങളാണ് പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് ഒലിച്ചിറങ്ങിയത്. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയോട് ചേര്‍ന്നാണ് പഞ്ചായത്ത് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. നൂറ് കണക്കിന് കുട്ടികള്‍ ദിനംപ്രതി ഇവിടെ കായികപരിശീലനം നടത്തുന്നുണ്ട്. എത്രയും വേഗം മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ കാരണമാകുമെന്ന് കായികപരിശീലകന്‍ പറഞ്ഞു. 

ആശുപത്രിയില്‍ മാലിന്യ സംസ്‌കരണ സംവിധാനമുണ്ടെങ്കിലും സൂപ്രണ്ടിന്‍റെ ഓഫീസിനോട് ചേര്‍ന്ന ഭാഗത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഇവ ഒലിച്ചിറങ്ങി ഗ്രൗണ്ടിനോട് ചേര്‍ന്ന കുളത്തില്‍ നിറഞ്ഞു. കുളത്തില്‍ നിന്നുള്ള വെള്ളത്തിനൊപ്പം മാലിന്യം ഗ്രൗണ്ടില്‍ നിറഞ്ഞ അവസ്ഥയാണിപ്പോള്‍. മുറിവ് കെട്ടിയ തുണികളും പഞ്ഞിയും മറ്റും ഗ്രൗണ്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ഇതിലൂടെയാണ് കുട്ടികള്‍ കായികപരിശീലനം നടത്തുന്നത്. ഗ്രൗണ്ടില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യ നിക്ഷേപം നടത്തുന്നതായും പരാതിയുണ്ട്.