അമ്പലപ്പുഴ: ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിന് നോട്ടീസ് നല്‍കി. കളര്‍കോട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന വെജിറ്റേറിയന്‍ ഹോട്ടലിലാണ് അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ എ സലിമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഇവിടെ ചായക്ക് 17, കോഫി 22, വട 16, കട്ടന്‍ ചായ 12, ദോശ 17, അപ്പം 17 മസാല ദോശ 70 രൂപ എന്നീ നിരക്കിലാണ് വില ഈടാക്കിയിരുന്നത്.

കൂടാതെ അമ്പലപ്പുഴ കച്ചേരിമുക്ക്, കിഴക്കേ നട, കളര്‍കോട്, പഴവീട് ,മുല്ലക്കല്‍ എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്ക്, പച്ചക്കറി തുടങ്ങിയ 29 ഓളം കടകളിലും പരിശോധന നടന്നു. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത 4 പലചരക്ക് കടകള്‍, 2 ഹോട്ടല്‍, ഒരു ബേക്കറി എന്നിവക്കും നോട്ടീസ് നല്‍കി. ഓണം കണക്കിലെടുത്ത് കര്‍ശന പരിശോധന 10-ാം തീയതി വരെ തുടരുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതിനകം 70 ഓളം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.