കൊല്ലം ചടയമംഗലത്ത് ഹോട്ടല്‍ ഉടമയായ സക്കീറിനെ ജീവനക്കാരനായ ഇർഷാദ് കുത്തിക്കൊലപ്പെടുത്തി. കൂലി സംബന്ധമായ തർക്കവും സ്വഭാവദൂഷ്യവും ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം: ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. കുരിയോട് സ്‌പൈസി ഹോട്ടല്‍ ഉടമ സക്കീറാണ് കൊല്ലപ്പെട്ടത്. മംഗലാപുരം സ്വദേശി മംഗലാപുരം ബെൽത്തങ്കടിയിൽ, പേരിമെന്താടി ഹൗസിൻ ഇർഷാദ് (32) ആണ് കൊലപാതകം ചെയ്തത്. കൃത്യം നടത്തിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. കൂലി സംബന്ധമായ തർക്കവും പ്രതിയുടെ സ്വഭാവദൂഷ്യം ഹോട്ടലുടമ ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. സക്കീർ ഹുസൈന് രണ്ട് ഹോട്ടലുകളുടെ ഉടമയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കുരിയോട് പ്രവർത്തിക്കുന്ന ഹോട്ടലിലായിരുന്നു ഇർഷാദ് ജോലി ചെയ്തു വന്നത്. സക്കീർ ഹുസൈനും ഇർഷാദും തമ്മിൽ തമ്മിൽ നേരത്തെ തന്നെ കൂലി സംബന്ധമായ തർക്കം നിലനിന്നിരുന്നു. കൂടാതെ ഇയാൾ കൃത്യമായി ജോലിക്ക് വരാതിരുന്നത് ചോദ്യം ചെയ്തതും പ്രതിയെ പ്രകോപിപ്പിച്ചു. സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജീവനക്കാരന്റെ ബന്ധുവായ ഇർഷാദിനെ താൽക്കാലികമായി ജോലിയ്ക്കടുത്തത്. പിണങ്ങി നാട്ടിലേക്ക് തിരിച്ചു പോയ ഇയാളെ ഹോട്ടലുടമ വീണ്ടും തിരിച്ചുവിളിച്ച് ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുരിയോടുള്ള ഹോട്ടലിലെ അറ്റകുറ്റപ്പണിക്കായി രണ്ടുപേരും ഹോട്ടലിൽ ഉണ്ടായിരുന്നു. ജോലി ചെയാതെ ഇടുന്ന പ്രതിയോട് ഇക്കാര്യം ചോദിക്കാൻ ഹോട്ടലിന്റെ മുകളിലത്തെ മുറിയിൽ എത്തിയപ്പോഴാണ് സക്കീറിനെ ഇർഷാദ് കുത്തിയത്.

കൊലയ്ക്ക് ശേഷം മറ്റൊരു ജീവനക്കാരനെ വിളിച്ചുവരുത്തി തനിക്ക് നാട്ടിൽ പോകണമെന്ന് പറഞ്ഞ് ബസ്സിൽ കയറാനായി ഇരുചക്ര വാഹനത്തിൽ ബസ് സ്റ്റോപ്പിലേക്ക് പുറപ്പെട്ടു. വിളിച്ചപ്പോൾ എത്തിയ ആൾ കാര്യം അറിയാതെ പ്രതിയെ വാഹനത്തിൽ കയറ്റി വിടുകയും ചെയ്തു. എന്നാൽ പൊലീസ് വളരെ വിദഗ്ധമായി ഇയാളെ മണ്ണന്തലയിൽ നിന്നും പിടികൂടുകയായിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.