തിരുവനന്തപുരം നഗരസഭാ പരിധിയിൽ ജലജന്യ-മഴക്കാല പൂർവ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഹെൽത്ത് സ്ക്വാഡ് ഭക്ഷ്യവിതരണ ശാലകളിൽ വ്യാപക പരിശോധന നടത്തി.  

തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ജലജന്യ-മഴക്കാല പൂർവ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യവിതരണ ശാലകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് വ്യാപക പരിശോധന നടത്തി. നഗരസഭയുടെ പത്തോളം സ്ക്വാഡുകൾ പങ്കെടുത്ത പരിശോധനയിൽ ആകെ 95 സ്ഥാപനങ്ങളാണ് ഇന്ന് പരിശോധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുരുതരമായ ന്യൂനതകൾ കണ്ടെത്തിയ 48 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, പിഴയായി 57,500 രൂപ ഈടാക്കുകയും ചെയ്തു. പഴകിയ ഭക്ഷണം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയും നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധന തുടരുമ്പോൾ ഹോട്ടലിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെങ്കിൽ ഇവർക്കെതിരെ വരും ദിവസങ്ങളിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ശുചിത്വനിലവാരം ഉറപ്പാക്കുന്നതിനായി മേയർ വി.വി. രാജേഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഗോപൻ എന്നിവരുടെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന. നഗരസഭ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ഡോ. പ്രേം നവാസ് കെ.ബി, ക്ലീൻ സിറ്റി മാനേജർമാരായ മോഹനചന്ദ്രൻ. റ്റി, സുജിത്ത് സുധാകർ എന്നിവരാണ് സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഹോട്ടലുകളിൽ കുടിക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ നൽകാൻ പാടുള്ളൂവെന്നും സ്ഥാപനങ്ങളും പരിസരവും പൂർണമായും ശുചിത്വമുള്ളതായി പരിപാലിക്കണമെന്നും നഗരസഭ നിർദേശം നൽകി.വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാൻ ഇടയുള്ള ഉറവിടങ്ങൾ പൂർണമായി ഒഴിവാക്കണം.ജാഗ്രതയോടുകൂടി പെരുമാറിയാൽ മാത്രമേ സാംക്രമിക രോഗങ്ങൾ തടയാൻ സാധിക്കുകയുള്ളൂ എന്നും, ഇതിനായി പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പൂർണമായ സഹകരണം ഉണ്ടാകണമെന്നും തിരുവനന്തപുരം നഗരസഭാ മേയർ അഭ്യർഥിച്ചു.