റോഡ് നിർമാണത്തിനുള്ള ജങ്കാർ കയറ്റിയിടുന്ന കുറ്റിയിൽ തട്ടി ഹൗസ് ബോട്ടിന്റെ പിൻഭാഗത്തെ പലക ഇളകിയതിനെത്തുടർന്നാണു വെള്ളം കയറിയത്.
കുട്ടനാട്: സഞ്ചാരികളുമായിപ്പോയ ഹൌസ്ബോട്ട്(House boat) വെള്ളംകയറി മുങ്ങി (Boat Accident). പൂർണമായി മുങ്ങുന്നതിനു മുൻപ് 12 സഞ്ചാരികളെയും സുരക്ഷിതരായി കരയിലെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് നാലരയോടെ കൈനകരി(Kainakari) മീനപ്പള്ളി തോട്ടിലാണു സംഭവം. റോഡ് നിർമാണത്തിനുള്ള ജങ്കാർ കയറ്റിയിടുന്ന കുറ്റിയിൽ തട്ടി ഹൗസ് ബോട്ടിന്റെ പിൻഭാഗത്തെ പലക ഇളകിയതിനെത്തുടർന്നാണു വെള്ളം കയറിയത്.
മീനപ്പള്ളി വട്ടക്കായലിലെത്തിയപ്പോഴാണു വെള്ളം കയറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കരയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, അതുവഴിവന്ന ശിക്കാരി വള്ളങ്ങളിൽ യാത്രക്കാരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നാലെ വഞ്ചിവീട് കരയ്ക്കടുപ്പിച്ചെങ്കിലും വെള്ളം കയറി മുങ്ങിത്താണു. ആലപ്പുഴ ചുങ്കത്തെ ഒരു ഏജൻസി വാടകയ്ക്കെടുത്ത് ഓടിക്കുന്ന വഞ്ചിവീടാണു തകർന്നതെന്ന് പൊലീസ് പറഞ്ഞു.
ഈ ഹൌസ് ബോട്ടിലെ യാത്രക്കാരെല്ലാം മലയാളികളാണ്. റോഡ് നിർമാണത്തിന്റെ ഭാഗമായി തോടിന്റെ ഇരുവശങ്ങളിലും മുട്ടു സ്ഥാപിച്ച് മധ്യഭാഗത്തു ജങ്കാർ ഇട്ടിരുന്നു. ലോറി ഇതിൽ കയറ്റിയ ശേഷമാണു നിർമാണസാമഗ്രികൾ ഇറക്കിയിരുന്നത്. നിർമാണം നടക്കാത്ത സമയത്തും മുട്ടിനു സമീപത്താണു ജങ്കാർ നങ്കൂരമിട്ടിരുന്നത്. ഇതു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നതായി പരാതിയുണ്ട്.
