വീട്ടിലുണ്ടായിരുന്ന കംപ്യൂട്ടറും ഇരുചക്രവാഹനവും കയറ്റി അയയ്ക്കാൻ സൂക്ഷിച്ചിരുന്ന 60 കെട്ട് ഭൂവസ്ത്രവും തീപിടുത്തത്തില്‍ കത്തിനശിച്ചു.
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കൊറ്റംകുളങ്ങരയിൽ വീടിനു തീപിടിച്ച്(fire accident) ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ ദിവസം പുലർച്ച നാല് മണിയോടെ കാളാത്തുപള്ളിയുടെ എതിർവശം കൊറ്റംകുളങ്ങര വാർഡിൽ വെളുത്തേടത്ത് ഹൗസിൽ വി. എ. ജോസഫിന്റെ വീടിനാണു തീപിടിച്ചത്. കാർപോർച്ചിനോട് ചേർന്നുള്ള കംപ്യൂട്ടർ മുറിയിൽനിന്നുള്ള ഷോർട്സർക്യൂട്ടിനെ (short circuit) തുടർന്നാണ് തീപ്പിടിത്തമെന്നാണ് അഗ്നിരക്ഷാസനേയുടെ നിഗമനം.
കംപ്യൂട്ടറും ഇരുചക്രവാഹനവും കയറ്റി അയയ്ക്കാൻ സൂക്ഷിച്ചിരുന്ന 60 കെട്ട് ഭൂവസ്ത്രവും തീപിടുത്തത്തില്‍ കത്തിനശിച്ചു.
വീടിനുള്ളിലെ കട്ടിൽ, കസേര എന്നിവയടക്കം കത്തിനശിച്ചതിനൊപ്പം മുറിയിലെ ഭിത്തിക്കും കേടുപാടുസംഭവിച്ചിട്ടുണ്ട്. ഏകദേശം ആറരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ചേർത്തലയിൽ നിന്നും ആലപ്പുഴയിൽനിന്നും അഗ്നിശമന സേനയുടെ മൂന്നുവണ്ടികളെത്തിയതാണ് തീ അണച്ചത്. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ പി. ബി. വേണുകുട്ടന്റെയും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എച്ച്. സതീശന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. തീപിടുത്തത്തില്‍ ആര്‍ക്കും ആളപായമില്ല.
