മാന്നാര്‍: മാന്നാറില്‍ വീട് കത്തി നശിച്ചു. ചെന്നിത്തല പഞ്ചായത്ത് 16-ാം വാര്‍ഡില്‍ തൃപ്പെരുന്തുറ പടിഞ്ഞാറെവഴി കരിശ്ശേരി കോളനിയില്‍ സിഒ ജേക്കബിന്റെ (പൊടിയന്‍-53) വീടാണ് കത്തിയമര്‍ന്നത്. ഇന്നലെ രാത്രി 7.30-നാണ് സംഭവം.

ഭാര്യ കൊച്ചുമോള്‍, മകള്‍ ജിന്‍സി എന്നിവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ മുറിക്കുള്ളില്‍ നിന്നും വ്യാപകമായി പുക പുറത്തേക്ക് തള്ളി. ഭയന്ന് നിലവിളിച്ച് ഇവര്‍ വെളിയിലേക്കിറങ്ങിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഷോട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ഓടിക്കൂടിയ പരിസരവാസികള്‍ വെള്ളംമൊഴിച്ച് തീഅണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മാവേലിക്കരയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഓട് മേഞ്ഞ രണ്ടു മുറികളും കഴുക്കോല്‍, വീട്ടുഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, വൈദ്യുത ഉപകരണങ്ങള്‍, വയറിങ് എന്നിവയും പൂര്‍ണമായി കത്തി നശിച്ചു.