നഗരസഭ വീട്ടു നമ്പർ നൽകാൻ മടിച്ചിരുന്ന 11 കുടുംബങ്ങൾക്ക് ആശ്വാസം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ എല്ലാവർക്കും വീട്ടുനമ്പർ അനുവദിച്ചു.
പാലക്കാട്: സാങ്കേതികത്വം പറഞ്ഞ് മണ്ണാർക്കാട് നഗരസഭ വീട്ടു നമ്പർ നൽകാൻ മടിച്ചിരുന്ന 11 കുടുംബങ്ങൾക്ക് ആശ്വാസം. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ എല്ലാവർക്കും വീട്ടുനമ്പർ അനുവദിച്ചു. വീടു നമ്പർ നൽകാൻ തടസ്സമില്ലെന്ന് വെളിപ്പെടുത്തി 11 കുടുംബങ്ങൾക്കും നമ്പർ ലഭിച്ചപ്പോൾ ഗുണഭോക്താക്കളുടെ മുഖത്ത് ആശ്വാസം.
വീട്ടുനമ്പർ കിട്ടും മുമ്പ് കാണാൻ പോയപ്പോൾ പരിഭവക്കെട്ടഴിച്ചവരുടെ മുഖത്ത് ഇപ്പോൾ ആശ്വാസമാണ്. മണ്ണാർക്കാട് വടക്കുമണ്ണം സ്വദേശികളായ സത്യഭാമയ്ക്കും വസന്തയ്ക്കുമെല്ലാം വീടിനൊരു നമ്പർ കിട്ടിയ സന്തോഷം. കറൻ്റ് ബില്ല് കുറയുമല്ലോ, വെള്ളത്തിന് കുറഞ്ഞ പൈസ കൊടുത്താൽ മതിയല്ലോ എന്നിങ്ങനെ സാധാരണക്കാരൻ്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ.
2017 ലാണ് മണ്ണാർക്കാട് നഗരസഭ പിഎംഎവൈയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചത്. കെട്ടിട നിർമാണത്തിൽ ചട്ടലംഘനം നടത്തി എന്നു പറഞ്ഞായിരുന്നു വീട്ടു നമ്പർ നൽകാൻ നഗരസഭ മടിച്ചത്. എന്നാൽ നിർമാണാനുമതി നൽകിയപ്പോഴും വിവിധ ഗഡുക്കൾ അനുവദിച്ചപ്പോഴും ഇല്ലാത്ത എന്ത് തടസ്സമാണ് ഇപ്പോഴുള്ളത് എന്നായിരുന്നു ഗുണഭോക്താക്കളുടെ ചോദ്യം. പ്രശ്നം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതതിന് പിന്നാലെ നഗരസഭ നമ്പർ അനുവദിക്കുകയായിരുന്നു.

