കുട്ടനാട്: കണ്ടങ്കരിയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. പഞ്ചായത്തംഗത്തിന്‍റെ വീടുൾപ്പെടെ രണ്ട് വീടുകൾക്കും  നിരവധി വാഹനങ്ങൾക്കും നാശം വരുത്തി. ചമ്പക്കുളം പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ജലജ, കണ്ടങ്കരി പറൂർ വീട്ടിൽ ജയശ്രീ എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്.

കഴിഞ്ഞ ദിവസം പുലർച്ചെ 2.45നോട് കൂടി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നെടുമുടി പൊലീസിൽ നൽകിയ പരാതിയിൽ വീട്ടുകാർ പറയുന്നു. ഇരുവീടുകളുടേയും ജന്നൽചില്ലുകളും വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളും അക്രമികൾ നശിപ്പിച്ചു. കൂടാതെ പോയ വഴിയിൽ അമ്മാർ റോഡ് പാലത്തിൽ പാർക്ക് ചെയ്തിരുന്ന രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള സ്കോർപ്പിയോ കാറിൻറെ ഗ്ലാസും എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്.

പുലർച്ചെ 2.45നോട് കൂടി ജനൽചില്ലുകൾ പൊട്ടിവീഴുന്ന ശംബ്ദം കേട്ടാണ് ഉണർന്നതെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. വീണ്ടും വീണ്ടും കല്ലുകൾ വന്ന് വീഴുന്ന ശബ്ദം കേട്ടു തുടങ്ങിയതോടെ വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ രണ്ട് പേർ ഓടിപോയി ബൈക്കിൽ കയറി പോകുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു.ോ