Asianet News MalayalamAsianet News Malayalam

ഭര്‍ത്താവ് മരിച്ചു, താമസം നാട്ടുകാ‍‍ർ കെട്ടിക്കൊടുത്ത ഷെഡ്ഡില്‍; വീട് അഗ്നിക്കിരയായതിന്‍റെ വേദനയില്‍ സരിത

പുകയും ശബ്ദവും കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ചത്. ഭർത്താവ് മരിച്ചതോടെ പ്രതിസന്ധിയിലായ സരിതയും മകനും പ്രദേശവാസികൾ നിർമ്മിച്ചു നൽകിയ താൽക്കാലിക ഷെഡിലാണ് കഴിഞ്ഞിരുന്നത്.

house of women was burnt down
Author
First Published Jan 12, 2023, 10:52 PM IST

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ വീട് പൂർണമായി കത്തി നശിച്ചു. പത്തേക്കർ പന്ദംപ്ലാക്കൽ സരിതാ സലിയുടെ വീടാണ് അഗ്നിക്കിരയായത്. മകനെ സ്കൂളിൽ വിട്ടതിനുശേഷം സരിത പണിക്കു പോയതിന് പിന്നാലെയാണ് തീപിടിച്ചത്. പുകയും ശബ്ദവും കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ചത്. ഭർത്താവ് മരിച്ചതോടെ പ്രതിസന്ധിയിലായ സരിതയും മകനും പ്രദേശവാസികൾ നിർമ്മിച്ചു നൽകിയ താൽക്കാലിക ഷെഡിലാണ് കഴിഞ്ഞിരുന്നത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടും തീപിടുത്തത്തിൽ തകർന്നിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിന് സമീപവും വീടിന് തീപിടിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കാഞ്ഞിരംപാറ വാർഡിൽ ഗീത ഹോസ്പിറ്റലിന് സമീപത്തെ ദീപുവിന്‍റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി ഏഴരയോട് കൂടിയാണ് സംഭവം. സംഭവം അറിഞ്ഞ് തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ റ്റി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു.

തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീടിനകത്ത് ഉണ്ടായിരുന്ന കട്ടിൽ, മേശ, സെറ്റി, ഫാൻ, ഫ്രിഡ്ജ്, വസ്ത്രങ്ങൾ ഉൾപ്പടെ പൂർണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേന സംഭവ സ്ഥലത്ത് കൃത്യസമയത്ത് എത്തിയത് കൊണ്ട് സ്വർണ്ണാഭരണങ്ങളും പ്രമാണങ്ങളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കത്തി നശിക്കാതെ വീണ്ടെടുക്കാൻ സാധിച്ചു. കൂടാതെ വീടിനകത്ത് രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു.

അതും കൃത്യമായി അഗ്നിശമന സേന വീട്ടിന് പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്ത കാരണം വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാവാം അഗ്നിബാധയ്ക്ക് കാരണമെന്ന് അഗ്നിശമന സേന പറയുന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സേനാംഗങ്ങളായ ജി.എസ് നോബിൾ, ജി സുമേഷ്, ശ്രീരാജ് ആർ നായർ, ബൈജു ബി, അൻഷാദ്, അനീഷ് പി, മഹേഷ് കുമാർ അരുൺ ആർ.എൽ, ബിജിൻ ഐ.ജെ, ഷഫീഖ് ഇ, അനീഷ് കെ, ഹോം ഗാർഡ് ശ്യാമളകുമാർ എന്നിവരടങ്ങിയ സംഘമാണ് തീ കെടുത്താന്‍ നേതൃത്വം നല്‍കിയത്. 

Follow Us:
Download App:
  • android
  • ios