വി കെ ശ്രീകണ്ഠൻ എംപിക്കെതിരെ പരാതിയുമായി പാലക്കാട് മെഡിക്കൽ കോളേജിൽ രാപ്പകൽ സമരം നടത്തുന്ന ഹൗസ് സർജൻമാർ. അനുനയനീക്കത്തിന് എത്തിയ എംപി മോശമായി സംസാരിച്ചെന്നാണ് പരാതി. സമരത്തിൻ്റെ രണ്ടാം ദിവസം എംപി എത്തിയതിനിടെ ആണ് സംഭവം.

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ രാപ്പകൽ സമരത്തിൽ അനുനയനീക്കത്തിന് എത്തിയ വി കെ ശ്രീകണ്ഠൻ എംപി മോശമായി സംസാരിച്ചെന്ന് ഹൗസ് സർജന്മാരുടെ പരാതി. സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാതിരുന്നാൽ താൻ എങ്ങനെയറിയുമെന്ന മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വി കെ ശ്രീകണ്ഠൻ എംപിയുടെ പരാമർശമാണ് വിദ്യാ‍ർത്ഥികളെ പ്രകോപിപ്പിച്ചത്. എംപിയുടെ പരാമർശത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്.

മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സർജന്മാരുടെ രാപ്പൽ സമരം തുടരുന്നതിനിടെ ആണ് മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായ വി കെ ശ്രീകണ്ഠൻ എംപി അനുനയനീക്കത്തിന് എത്തിയത്. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായിട്ടും എക്സറെ ഇല്ലെന്ന് അറിയില്ലായിരുന്നുവെന്നാണ് എംപി പറഞ്ഞത്. വിദ്യാർത്ഥികൾ ഇത് ചോദ്യം ചെയ്തപ്പോൾ എംപി ക്ഷുഭിതനായി. സമരത്തിന് ഐക്യദാ‍ർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ അടക്കം രം​ഗത്തെത്തിയിട്ടുണ്ട്.

സമരത്തിൻ്റെ രണ്ടാം ദിവസം എംപി എത്തുന്നുവെന്ന് അറിഞ്ഞപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഭുവനേശ്വ‍ർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ സ്ഥലത്തെത്തിയ എംപി പ്രകോപിതനാകുകയും സമരത്തെ പുച്ഛത്തോടെ കണ്ടും സംസാരിച്ചു. സമരക്കാരുടെ ഉദ്ദേശ്യം വേറെയാണെന്ന് മനസ്സിലായെന്നും ഷോ ഇറക്കേണ്ടെന്നും എംപി പറഞ്ഞു. വീഡിയോ ചിത്രീകരിച്ചിരുന്ന ഡോക്ടറോട് മൊബൈൽ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായ എംപിക്ക് എക്സറെ മെഷീൻ കേടായ കാര്യം പോലും അറിയില്ലെന്ന് പറഞ്ഞപ്പോൾ സമരക്കാർ പ്രകോപിതരായി. മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളെ നോക്കി ഇവന്മാരൊക്കെയാണോ ഡോക്ട‍ർ ആകാൻ പോകുന്നേ എന്ന പരാമർശം എംപി നടത്തിയെന്നും ഭുവനേശ്വ‍ർ ആരോപിച്ചു.