കണ്ണൂർ: ശ്രീകണ്ഠാപുരം കണിയാർ വയലിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് മോഷണം. ഒരു ലക്ഷത്തോളം രൂപയും ആറര പവനിലധികം സ്വർണത്തിനും പുറമെ ഇൻഡക്ഷൻ കുക്കറും കള്ളൻ കൊണ്ടുപോയി. ശ്രീകണ്ഠാപുരം പൊലീസ് അന്വേഷണമാരംഭിച്ചു.

ശ്രീകണ്ഠാപുരം–ഇരിട്ടി സംസ്ഥാന പാതക്കരികിലാണ് മോഷണം നടന്ന വീട്. വീട്ടുടമ മുല്ലപ്പള്ളി ചിന്നമ്മ ഇന്നലെ വീടുപൂട്ടി മകൾക്കടുത്തേക്ക് പോയതായിരുന്നു.  ഈ സമയത്താണ് മോഷണം നടന്നത്. ഷെൽഫുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.  രാവിലെ അയൽക്കാർ വിവരമറിയിച്ചപ്പോഴാണ് ഇവർ മോഷണം നടന്നത് അറിഞ്ഞത്. വീട്ടിലിരുന്ന സ്വർണ്ണവും പണവും മുഴുവൻ കൊണ്ടുപോയി.

റോഡരികിലുള്ള വീട്ടിൽ നടന്ന മോഷണം കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് സംശയം. പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിൽ മോഷണം നടക്കുന്നത്. വിരലടയാള വിദ്ഗരെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡിന്റെ സഹായവും തേടിയിട്ടുണ്ട്.