ഇടുക്കി: അശാസ്ത്രീയമായ മതില്‍ നിര്‍മ്മാണം മൂലം വീടിനുള്ളില്‍ വെള്ളം കയറി. കിടപ്പുരോഗിയായ വയോധികയും കുടുംബവും പുറത്തിറങ്ങാനാവാതെ ദുരിതത്തില്‍. മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ 92 കാരിയായ ചെല്ലത്തായമ്മാളും മകനുമാണ്  പുറത്തിറങ്ങാനാവാതെ വലയുന്നത്. പ്രായാധിക്യം മൂലം ചെല്ലത്തായമ്മാള്‍ക്ക് കട്ടിലില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ല. 

സമീപവാസിയായ വ്യക്തി അശാസ്ത്രീയമായി മതില്‍ നിര്‍മ്മിക്കുകയും വെള്ളം ഒഴുകി പോകുന്നതിനുള്ള ഓവുചാല്‍ അടയ്ക്കുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. മതിലിനു പുറത്ത് കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുകിയെത്തുന്നത് ഇവരുടെ വീട്ടിലേയ്ക്കാണ്. മഴ ശക്തമായതോടെ അടുക്കളയടക്കം മലിന ജലം വന്നുനിറഞ്ഞു. സംഭവമറിഞ്ഞ് തഹസില്‍ദാര്‍ ജിജി കുന്നപ്പള്ളിയും ജില്ലാ പഞ്ചായത്തംഗം വിജയകുമാറും സ്ഥലത്തെത്തി. അനുമതിയില്ലാതെ അനധികൃതമായി നടത്തുന്ന ഇത്തരം നിര്‍മ്മാണങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം വിജയകുമാര്‍ ആവശ്യപ്പെട്ടു.  

ഇവരെ ക്യാമ്പിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിച്ചെങ്കിലും പ്രായാധിക്യത്താല്‍ കിടപ്പിലായ അമ്മയെ മാറ്റാന്‍ അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെ വെള്ളക്കെട്ട് മാറ്റാൻ അധികൃതർ നടപടികൾ ആരംഭിച്ചു. നിര്‍മ്മാണം നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പ്രദേശത്ത് ഓടകളും മറ്റും കയ്യേറി നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെങ്കിൽ നടപടി സ്വീരിക്കുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി.