തൃശൂർ: പട്ടിക്കാട് സ്വകാര്യ ഹോട്ടലിന് വേണ്ടി ഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ ആക്രമിച്ചതായി വീട്ടമ്മയുടെ പരാതിപ്പെട്ടു. പീച്ചി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വീട്ടമ്മ ആരോപിച്ചു. എന്നാല്‍, കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വീട് ഒഴിപ്പിക്കാനെത്തിയപ്പോള്‍ വീട്ടമ്മയും കുടുംബവും തടഞ്ഞെന്നാണ് ഹോട്ടലുടമയുടെ വിശദീകരണം.

വര്‍ഷങ്ങൾക്ക് മുമ്പാണ് പട്ടിക്കാട്ടെ ഈ അഞ്ച് സെന്‍റ് പുരയിടം പണയം വെച്ച് ലൈഫിയും കുടുംബവും തൃശൂര്‍ ഫാത്തിമ നഗറിലെ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് വായ്പ  എടുത്തത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വസ്തു ബാങ്കിന്‍റെ അധീനതയിലായി. സ്ഥലം ലേലത്തില്‍ പിടിച്ച പട്ടിക്കാട്ടെ ഹോട്ടല്‍ ഉടമ ഒഴിപ്പിക്കാനെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭൂമി ഏറ്റെടുക്കാൻ എത്തിയ  ഇരുപതോളം പേര്‍  കാർഷിക വിളകൾ നശിപ്പിച്ചു. തടയാൻ ശ്രമിച്ച സ്ത്രീകള്‍ ഉൾപ്പെടെയുളള മൂന്ന് പേരെ  മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഇവര്‍ ഇപ്പോള്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തലേ ദിവസം വീട്ടിലെത്തി ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ പറയുന്നു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ മുങ്ങി. എന്നാൽ, കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് വീട്ടുകാരെ ഒഴിപ്പിക്കാനെത്തിയതെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. പല വട്ടം ആവശ്യപ്പെട്ടിട്ടും ഒഴിയാൻ തയ്യാറാകാത്തതിനാലാണ് ബലം പ്രയോഗിച്ചതെന്നാണ് വിശദീകരണം. ലൈഫിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.