ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മക്കളായ നിഖ (12) നിവേദ (6) പൊള്ളലേറ്റ് ചികിത്സയിലാണ്.
പാലക്കാട് : വല്ലപ്പുഴയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീനയാണ്(35) മരിച്ചത്. മക്കളായ നിഖ (12) നിവേദ (6) പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മണ്ണെണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
പുലർച്ച രണ്ടരയോടെ കുട്ടികൾ കരയുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ബീനയും രണ്ടു മക്കളും കിടക്കുന്ന മുകളിലെ മുറിയിൽ പോയി നോക്കിയപ്പോഴാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടത്. മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. കിടക്കയിൽ മണ്ണെണ്ണ ഒഴിച്ച് അതിന് തീകൊളുത്തിയതാകാമെന്നാണ് നിഗമനം. മൂവരെയും ഉടൻ തന്നെ ആശുപത്രിയിലേക്കെത്തിച്ചു. ബീന ഉച്ചയോടെ മരിച്ചു. കുട്ടികൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളിൽ ഒരാൾക്ക് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ബീനയുടെ ഭർത്താവ് കണ്ണൂരിൽ മരപണിക്കാരനാണ്. ഒരാഴ്ച്ചയായി ഭർത്താവ് വീട്ടിൽ വന്നിട്ടില്ല. കുടുംബത്തിൽ സാമ്പത്തിക പ്രശ്നം ഉള്ളതായി പൊലീസ് പറയുന്നു.

