ആലപ്പുഴ:കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും പെട്ട് വീടുകള്‍ തകര്‍ന്നു. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡ് രാമച്ചേരില്‍ ബിന്ദുവിന്റേയും, എട്ടാം വാര്‍ഡില്‍ കൊത്തപ്പള്ളി വീട്ടില്‍ പ്രതീപ് കുമാറിന്റെയും വീടുകളാണ് കാറ്റില്‍ തകര്‍ന്നത്. ബിന്ദുവിന്റെ വീടിന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. 

പ്രതീപ് കുമാറിന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണാണ് തകര്‍ന്നത്. രാവിലെ ആറ് മണിയോട് കൂടിയാണ് സംഭവം. വീടിനുള്ളില്‍ താമസക്കാരുണ്ടായിരുന്നെങ്കിലും അപകടത്തില്‍ നിന്ന് രക്ഷപെട്ടു. 

സംഭവത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച വാര്‍ഡ് മെമ്പര്‍ അജിത്ത് കുമാര്‍ തലവടി വില്ലേജ് ഓഫീസറേയും, കുട്ടനാട് തഹസില്‍ദാരേയും വിവരം അറിയിച്ചു. വില്ലേജ് അവധി ആയതിനാല്‍ അടുത്ത പ്രവൃത്തി ദിനത്തില്‍ തകര്‍ന്ന വീടിന്റെ ഫോട്ടോ സഹിതം അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.