സ്കൂളിലേക്ക് പോയ പതിനാറുകാരിയായ ആദിത്യയെ വീടിനടുത്തുള്ള ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. 

കൊച്ചി: കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ പതിനാറുകാരി വിദ്യാർഥിനിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ അടിമുടി ദുരൂഹത. തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ(16)യാണ് മരിച്ചത്.

കുട്ടിയുടെ ബാഗിൽ ഉണ്ടായിരുന്ന നോട്ട്ബുക്കിൽ നിന്നും ഇംഗ്ലീഷിൽ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിലുണ്ട്. ഒരാഴ്ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓർത്ത് വിഷമമുണ്ടെന്നും എന്നാൽ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും കുറിപ്പിൽ പറയുന്നു.

കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കുട്ടിയുടെ ഫോൺ പരിശോധിക്കണം. ഫോൺ ലോക്ക് ചെയ്ത നിലയിലായതിനാൽ സാങ്കേതികവിദഗ്ദധരുടെ സഹായം തേടും. അതേ സമയം കുട്ടി കബളിക്കപ്പെട്ടതാണോയെന്നും പൊലീസ് സംശയിക്കുന്നു.

രാവിലെ ഒൻപതോടെ വെള്ളത്തിൽ മൃതദേഹം പൊങ്ങി കിടക്കുന്നത് കുട്ടിയുടെ അമ്മയും ബന്ധുക്കളും ശ്രദ്ധിച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് പുറത്തെടുക്കുകയായിരുന്നു. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആദിത്യ. മൃതദേഹം സംസ്കരിച്ചു.