ആലപ്പുഴ: ശക്തിയായ കാറ്റടിച്ച് തലവടിയില നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകളില്‍ നിന്ന് പിഞ്ചുകുഞ്ഞടക്കം അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ വീശിയടിച്ച കാറ്റിലാണ് വീടുകള്‍ തകര്‍ന്നത്. തലവടി ഒന്‍പതാം വാര്‍ഡില്‍ ഇടമണലില്‍ ശൈലമ്മ ജോസ്, മുപ്പരത്തില്‍ പി ടി തോമസ്, പുത്തന്‍പറമ്പില്‍ പി ഡി രാജപ്പന്‍, കോറാക്കേരി എല്‍ സി ബേബി, കുറുപ്പത്തില്‍പറമ്പ് പൊന്നമ്മ സജികുമാര്‍, മണമേപറമ്പ് സജി കെ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. 

ശൈലയുടെ  വീടിന് മുകളില്‍ മാവ് കടപുഴകിവീണ് വീട് പൂര്‍ണ്ണമായി തകര്‍ന്നു. മാവ് വീഴുമ്പോള്‍ ഒന്നര വയസ്സുള്ള കൈകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ വീടിനുള്ളില്‍ ഉണ്ടായിരുന്നു. ഓട് പൊട്ടിവീണ് ശൈലമ്മയുടെ മകള്‍ ജോസ്മി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പി ടി തോമസിന്റെ വീടിന് മുകളില്‍ പുളിമരമാണ് കടപുഴകി വീണത്. വീട് ഭാഗികമായി തകര്‍ന്നു. പി ഡി രാജപ്പന്റെയും, ബേബിയുടേയും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പൊന്നമ്മ സജികുമാറിന്റെ വീടിന്റെ അടുക്കള ഉള്‍പ്പെടെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു. വാഴ, മരച്ചീനി, പച്ചക്കറി ഉള്‍പ്പെടെ കരകൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്.