ആലപ്പുഴ: ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ കലിതുള്ളി കടല്‍. അമ്പലപ്പുഴ, പുന്നപ്ര ,തൃക്കുന്നപ്പുഴ, ഒറ്റമശ്ശേരി, ചെത്തി, കാട്ടൂർ, അർത്തുങ്കൽ തുടങ്ങിയ തീരപ്രദേശങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്. ഒറ്റമശ്ശേരിയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ല. ഇവിടെ കടലിനോട് ചേർന്നുള്ള നിരവധി വീടുകൾ കടലാക്രമണം നേരിടുകയാണ്. 

ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടൽ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നിലനിൽക്കുന്നതിനാൽ കൊല്ലം, എറണാകുളം ഭാഗങ്ങളിൽ നിന്ന് കടലിൽ പോയിട്ടുള്ള ആലപ്പുഴ സ്വദേശികളെ തിരിച്ച് എത്തിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. 

കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിലൂടെ കടൽ ജലം ഇരച്ചുകയറുന്ന സ്ഥിതിയാണ് തൃക്കുന്നപുഴയിലേത്. റോഡുകളിലേക്ക് തിരമാലകൾ എത്തുന്നത് ഗതാഗത്തിന് ഭീഷണി ഉയർത്തുന്നു. അടിയന്തിര നടപടികളുടെ ഭാഗമായി ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനാണ് ജില്ലാഭരണകൂടം നൽകുന്ന പ്രഥമ പരിഗണന.