Asianet News MalayalamAsianet News Malayalam

പത്രക്കടലാസുകളില്‍ കരവിരുതൊരുക്കി സ്വന്തമായി വരുമാനം കണ്ടെത്തി ഒരു വീട്ടമ്മ


ഒന്നിനും പ്രത്യേക വിലകൾ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ആവശ്യക്കാർ നൽകുന്ന തുക ലക്ഷ്മി സ്നേഹപൂർവ്വം സ്വീകരിക്കുകയാണ് പതിവ്.

housewife make beautiful crafts in old newspaper
Author
First Published Jan 20, 2023, 2:20 PM IST


മാന്നാർ: വായിച്ച് കഴിഞ്ഞ പത്രക്കടലാസുകളിൽ വിരിയുന്ന ലക്ഷ്മിയുടെ കരവിരുത് ആരെയും വിസ്മയിപ്പിക്കും. മൊബൈൽ സ്റ്റാൻഡ്, പെൻ സ്റ്റാൻഡ്, പുൽക്കൂട്, ഗിഫ്റ്റ് ബോക്സ്, പാവകൾ തുടങ്ങി മനോഹരങ്ങളായ നിരവധി നിർമ്മിതികളാണ് മാന്നാർ കുരട്ടിക്കാട് കുമാർ വിലാസത്തിൽ ലക്ഷ്മി കുമാറിന്‍റെ കരവിരുതിൽ വിരിയുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് വീട്ടിൽ വെറുതെയിരുന്ന് മുഷിഞ്ഞപ്പോൾ ഈർക്കിലുകൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിച്ചാണ് തുടക്കം. അത് പിന്നീട് പത്രക്കടലാസുകൾക്ക് വഴിമാറി. പത്രക്കടലാസുകൾ ചെറുതായി ചുരുട്ടിയെടുത്ത് പശ ഉപയോഗിച്ച് ചേർത്ത് വെച്ചാണ് നിർമ്മാണം. അതിന്മേൽ ബ്രഷ് ഉപയോഗിച്ച് വർണ്ണങ്ങൾ നിറയ്ക്കുമ്പോൾ അവയെല്ലാം ആരെയും കൊതിപ്പിക്കുന്ന തരത്തിലേക്ക് മാറും. വിശേഷാവസരങ്ങളിൽ സമ്മാനമായി നൽകുന്നതിന് ഓർഡർ നൽകുന്നവരുമുണ്ട്. 

ഭർത്താവ് കുമാറിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജെ കെ ഫാൻസി സ്റ്റോറിൽ ഇത്തരം കരകൗശല വസ്തുക്കള്‍ക്ക് ആവശ്യക്കാർ ഏറെയാണ്. വീട്ടുജോലികൾ കഴിഞ്ഞ് കടയിലെത്തുന്ന ലക്ഷ്മി ഓരോ ദിവസവും വ്യത്യസ്തങ്ങളായ വസ്തുക്കളാണ് പഴയ പത്രക്കടലാസുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നത്. കടയിലെത്തുന്നവർ ലക്ഷ്മിയുടെ കരവിരുതിൽ വിരിഞ്ഞ മനോഹരങ്ങളായ വസ്തുക്കൾ സ്വന്തമാക്കിയേ തിരികെ പോകൂ. വിലപ്പന നടക്കുന്നതിനാല്‍ ഇതിലൂടെ ചെറിയൊരു വരുമാനവും ലക്ഷ്മിക്ക് ലഭിക്കുന്നു. 

ഒന്നിനും പ്രത്യേക വിലകൾ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ആവശ്യക്കാർ നൽകുന്ന തുക ലക്ഷ്മി സ്നേഹപൂർവ്വം സ്വീകരിക്കുകയാണ് പതിവ്. സ്വന്തം വീടിന്‍റെ ചുവരുകളിൽ മനോഹരമായ ഡിസൈനുകൾ വരച്ചിടുന്ന ലക്ഷ്മി, മണവാട്ടികളുടെ കല്യാണ സ്വപ്നങ്ങൾക്ക് മൊഞ്ചുള്ള മൈലാഞ്ചി വരകൾ അണിയിക്കുന്ന മൈലാഞ്ചി ഡിസൈനർ കൂടിയാണ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും മെഹന്ദി ചാർത്താൻ ലക്ഷ്മിയെത്തേടി സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എത്താറുണ്ട്. കടയിലെത്തി മൈലാഞ്ചി വർക്കുകൾ ചെയ്യുന്നവരും കുറവല്ല. പ്രിയതമയുടെ കരവിരുതിന് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകുന്ന ഭർത്താവ് കുമാറിനൊപ്പം മക്കളായ പരുമല ദേവസ്വം ബോർഡ് ഹയർസെക്കന്‍ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ ജയകൃഷ്ണനും മാന്നാർ നായർ സമാജം ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജഗത് കൃഷ്ണനും അമ്മയ്ക്ക് വേണ്ട സഹായങ്ങൾ നൽകി ഒപ്പം നില്‍ക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്: ജോയിന്‍റ് ആര്‍ ടി ഒ ഓഫീസ് തല്ലിതകര്‍ത്ത സംഭവം;  ഡ്രൈവിംങ്ങ് സ്‌കൂള്‍ ഉടമ അറസ്റ്റില്‍ 

Follow Us:
Download App:
  • android
  • ios