ഇടുക്കി: തമിഴ്നാട് ബോഡിനായ്ക്കനൂരിൽ വീട് കയറി ആക്രമിച്ച ബിഎൽ റാവ് സ്വദേശിയായ യുവാവിനെ വീട്ടമ്മ വെട്ടി കൊലപ്പെടുത്തി. ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ശാന്തൻപാറ ബിഎൽ റാവ് സ്വദേശി രാജൻ (31) ആണ് കൊല്ലപ്പെട്ടത്. ബി എൽ റാവിലെ താമസക്കാരിയും, തമിഴ്നാട് സ്വദേശിനിയുമായ വളർമതി(38)യെയാണ് ബോഡിനായ്ക്കനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

തിങ്കളാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ബിഎൽ റാവിൽ കോഴിക്കട നടത്തുന്ന രാജൻ രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും, ബന്ധം ഒഴിവായി നിൽക്കുന്ന ആളാണ്. സമീപവാസിയായ വളർമതിയുമായി പരിചയത്തിലാകുകയും, മൊബൈലിൽ വിളിച്ച് ശല്ല്യപ്പെടുത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിലും പ്രയോജനമുണ്ടാകാതിരുന്നതിനെ തുടർന്ന് വീട്ടമ്മ ബോഡിനായ്ക്കനൂരിലെ വീട്ടിലേക്ക് പോയി. അവിടെ എത്തിയും രാജൻ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് ബിഎൽ റാവിലേയ്ക്ക് മടങ്ങിപ്പോന്നു.

ഇതറിഞ്ഞ രാജൻ മൂന്ന് ദിവസം മുൻപ് ബിഎൽ റാവിലെ വീട്ടിൽ വീണ്ടും എത്തുകയും വാക്കത്തികൊണ്ട് ജനൽചില്ലുകൾ തകർക്കുന്നത് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതോടെ വളർമതി വീണ്ടും തമിഴ്നാട്ടിലേയ്ക്ക് പോയി. ഇവരെ പിൻതുടർന്ന് തിങ്കളാഴ്ച്ച പുലർച്ചെ പന്ത്രണ്ടരയോടെ ബോഡിയിലെ വിട്ടിലെത്തിയ രാജൻ വീണ്ടും വീട് ആക്രമിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. സഹികെട്ട വളർമതി വീടിൻ്റെ പിന്നിലൂടെ പുറത്തിറങ്ങി രാജൻ്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ശരീരത്തിൽ വെട്ടുകയായിരുന്നു. പത്തൊൻപതോളം വെട്ടുകളേറ്റ രാജൻ നിലത്തുവീണു. തുടർന്ന് വളർമതിതന്നെ ബോഡിനായ്ക്കനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി രാജനെ ബോഡിനായ്ക്കനൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് വളർമതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. മദ്യപിക്കുന്ന സ്വഭാവമുള്ള രാജൻ ബിഎൽ റാവിലെ ഒരു കോഴിക്കട ഉടമയുമായി മുൻപ് പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിൻ്റെ കേസ് നിലനിൽക്കുകയാണ്. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന  മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നുതന്നെ ബിഎൽ റാവിൽ എത്തിക്കും.