ഡ്രൈവര്‍ അവിണിശ്ശേരി സ്വദേശി ജോണി, വഴിയാത്രക്കാരിയായ ഗുരുവായൂർ  സ്വദേശി മേഴ്സി ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്

തൃശൂർ: കോർപറേഷൻ ഓഫിസിന് മുമ്പിൽ കമാനം വീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർക്കും വഴിയാത്രക്കാരിയ്ക്കും പരുക്കേറ്റു. തൃശൂർ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്ഥാപിച്ച കമാനമാണ് തകർന്നു വീണത്. ഉച്ചയ്ക്ക് 12.15നാണ് സംഭവം. ശക്തമായ കാറ്റില്‍ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കമാനം വീഴുകയായിരുന്നു. 

ഡ്രൈവര്‍ അവിണിശ്ശേരി സ്വദേശി ജോണി, വഴിയാത്രക്കാരിയായ ഗുരുവായൂർ സ്വദേശി മേഴ്സി ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോയില്‍ തട്ടിനിന്നതിനാല്‍ വലിയ അപകടം ഒഴിവായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷയുടെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിവരമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസ് കമാനം നീക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. അതിനിടെ ഹൈക്കോടതി ഉത്തരവുലംഘിച്ച് കമാനം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയ തൃശൂര്‍ കോര്‍പ്പറേഷനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ജനങ്ങള്‍ക്ക് ഭീഷണിയാവും വിധം കമാനങ്ങള്‍ ഉയര്‍ത്തിയതിനെതിരെ സമഗ്രാന്വേഷണം വേണമെന്ന് നഗരാസൂത്രണ കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍ ആവശ്യപ്പെട്ടു.

YouTube video player