എസ്എച്ഒ രതീഷ്, എസ്ഐ സന്തോഷ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.
തിരുവനന്തപുരം: മാറനല്ലൂരിൽ വൻ കഞ്ചാവ് വേട്ട. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന 2100 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടല മൈതാനത്തിനു സമീപം വിപിൻ സ്റ്റാൻലിയുടെ വീട്ടിൽനിന്നാണ് വൻ കഞ്ചാവ് ശേഖരം പൊലീസ് പിടിച്ചെടുത്തത്. വിൽപ്പന സാമഗ്രികളും വിൽപ്പന നടത്തി ലഭിച്ചതെന്നു കരുതുന്ന പതിനാലായിരത്തോളം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
എസ്എച്ഒ രതീഷ്, എസ്ഐ സന്തോഷ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. ചൊവാഴ്ച്ച രാത്രി പത്തര മണിയോടെ എത്തിയ പൊലീസ് സംഘം വീട് വളയുകയും പരിശോധന ആരംഭിക്കുകയും ചെയ്യുകയായിരുന്നു. പൂട്ടിയിട്ടിരുന്ന കിടപ്പ് മുറിയുടെ വാതിൽപൂട്ട് പൊളിച്ചാണ് സംഘം അകത്തു കടന്നത്. മുറിയിൽ നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്നും കഞ്ചാവടങ്ങിയ ബാഗ് കണ്ടെടുക്കുകയായിരുന്നു.
പൊട്ടിക്കാത്ത ഒരു കവറും പൊട്ടിച്ച ഒരു കാവറിലുമായി ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഴിഞ്ഞ പത്തോളം കവറുകളും വിൽപ്പന നടത്തി ലഭിച്ചതെന്ന് സംശയിക്കുന്ന പതിനാലായിരത്തോളം രൂപയും ഇവിടെ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വീട്ടിൽ ഈ സമയം പ്രതിയുടെ അമ്മയും സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും ഇയാളുടെ മറ്റു വിവരങ്ങളൊന്നും വീട്ടുകാർക്ക് അറിയില്ല. വീട്ടിൽ ഇല്ലാത്ത സമയം ഇയാൾ മുറി പൂട്ടി പോകുകയാണ് പതിവെന്ന് കുടുംബം പറഞ്ഞു.
അതേസമയം, ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലും പ്രതിയെ പിടികൂടാനായില്ല. പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. മാറനല്ലൂർ കണ്ടല പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യ വിവരമുണ്ടായിരുന്നു. എന്നാൽ എക്സൈസ് പരിശോധനകളിൽ പിടിക്കപ്പെടുന്നത് ഒന്നോ രണ്ടോ പൊതികളിൽ ഒതുങ്ങുമായിരുന്നു. പലപ്പോഴും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിനു മുൻപ് പ്രതികൾ ലഹരി ഉല്പനങ്ങളുമായി കടന്നിരിക്കും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ളതാണ് ഈ കഞ്ചാവ് വിൽപനയെന്നും അധികൃതർ പറയുന്നു.
