തൊടുപുഴ: കൊവിഡില്‍ തകര്‍ന്നടിഞ്ഞ് സംസ്ഥാനത്തെ പൈനാപ്പിള്‍ വിപണി. രാജ്യത്തെ പ്രധാന മാര്‍ക്കറ്റുകളെല്ലാം പൂട്ടിയതോടെ കൈതച്ചക്ക കയറ്റുമതി നിലച്ചു. ചുരുങ്ങിയത് 100 കോടി രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ കണക്കാക്കുന്നത്. കൈതച്ചക്ക കയറ്റുമതിയിലൂടെ ഒരു വര്‍ഷം സംസ്ഥാനത്തേക്ക് എത്തുന്നത് 1000 കോടി രൂപ ആയിരുന്നു.

പൈനാപ്പിള്‍ മാര്‍ക്കറ്റായ വാഴക്കുളത്ത് മാത്രം ഒരു ദിവസത്തെ കച്ചടവടത്തിലൂടെ ഒന്നരക്കോടി രൂപ ലഭിച്ചിരുന്നു. ഇതെല്ലാം കൊവിഡ് 19 എന്ന മഹാമാരി തകര്‍ത്തിരിക്കുകയാണ്. അവധിക്കാല കച്ചവടം ലക്ഷ്യമിട്ട് വേനല്‍ക്കാലത്ത് വലിയ തുക മുടക്കി ജലസേചനം നടത്തി കൃഷിയിറിക്കിയ കര്‍ഷകര്‍ക്കെല്ലാം ഇരുട്ടടി കിട്ടിയ അവസ്ഥയാണ്.

ഒരാഴ്ചക്കുള്ളില്‍ കയറ്റുമതി പുനരാരംഭിക്കായില്ലെങ്കില്‍ കൈതച്ചക്കയെല്ലാം ചീഞ്ഞുപോകും. നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ലാത്തതിനാല്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൈതച്ചക്ക സംഭരിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം. അതേസമയം, രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 332 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 77 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച 57 പേര്‍ക്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ 40 ശതമാനം രോഗവും സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.

പുതിയതായി 13 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 39 പേര്‍ വിദേശികളാണ്. വിദേശത്തെ 276 ഇന്ത്യക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 പരിശോധനക്കായി സ്വകാര്യലാബുകള്‍ പരമാവധി 4500 രൂപ മാത്രമേ ഈടാക്കാവൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്‌ക്രീനിംഗ് ടെസ്റ്റിന് പരമാവധി 1500 രൂപയും സ്ഥിരീകരിക്കാനായി 3000 രൂപയുമാണ് പരമാവധി ഈടാക്കാനാകുക.