മാന്നാർ-ചെങ്ങന്നൂർ റോഡിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാർക്കും സമീപവാസികൾക്കും ഒരുപോലെ ഭീഷണിയാകുന്നു. വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് വളർന്ന ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നത് പതിവായതോടെ, ഒരു കാർ യാത്രയിലുണ്ടായ അപകടം ജനങ്ങളുടെ ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.  

മാന്നാർ: പാതയോരങ്ങളിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാരുടെയും സമീപനിവാസികളുടെയും ജീവന് ഭീഷണിയാകുന്നു. മാന്നാർ-ചെങ്ങന്നൂർ റോഡിൽ കുട്ടംപേരൂർ മുട്ടേൽ പാലത്തിന് കിഴക്കുവശം മുതൽ റോഡിന്റെ ഇരുവശങ്ങളിലും മാന്നാർ കുറ്റിയിൽ ജംഗ്ഷനിലും നിൽക്കുന്ന കൂറ്റൻ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഏതുനിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലുള്ളതാണ് ഇതിൽ അധികവും.

ഭാരമേറിയ ചില്ലകൾ 11 കെവി ഹൈവോൾട്ടേജ് ലൈനുകൾക്ക് മുകളിലേക്ക് പടർന്നുനിൽക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചെറിയൊരു കാറ്റിലോ മഴയിലോ പോലും ഇവ ഒടിഞ്ഞ് വൈദ്യുതി കമ്പികളിലേക്ക് വീഴാനും പോസ്റ്റുകൾ ഒടിയാനുമുള്ള സാധ്യത ഏറെയാണ്. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഭീതിയോടെയാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഈ പാതയിലൂടെ യാത്ര ചെയ്ത എണ്ണയ്ക്കാട് സ്വദേശി കൊയ്‌തോടത്ത് സന്തോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. വലിയൊരു ദുരന്തത്തിൽ നിന്നാണ് കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടത്. ചെറിയ ഒരു കാറ്റ് വീശിയാൽ പോലും മരത്തിന്റെ ശിഖരങ്ങൾ പൊട്ടിവീഴുന്നത് ഈ ഭാഗത്ത് ഇപ്പോൾ പതിവായിരിക്കുകയാണ്.

അപകടഭീഷണിയെക്കുറിച്ച് നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. പരാതികൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുമ്പോഴും യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുകയാണ് ഉദ്യോഗസ്ഥരെന്നും ഒരു വലിയ ദുരന്തം നടന്നതിന് ശേഷം മാത്രമേ അധികൃതർ ഉണർന്നു പ്രവർത്തിക്കൂ എന്നുമാണ് നാട്ടുകാർ പറയുന്നത്. മഴക്കാലം ആരംഭിക്കാനിരിക്കെ, അടിയന്തരമായി ഇടപെട്ട് ഈ മരങ്ങൾ മുറിച്ചുമാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐ ബുധനൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.