ഡോക്ടറുടെ കാർ തടഞ്ഞ സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയതെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ ഉടമസ്ഥൻ വാഹനം പണയപ്പെടുത്തിയത് അന്വേഷണത്തിന് തിരിച്ചടിയായി. തുടർന്ന് കേസിന് തുമ്പുണ്ടായതാവട്ടെ മയക്കുമരുന്ന് സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലും.

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതിയുൾപ്പെടെ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജ് പോലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടികൂടി. കാക്കൂർ സ്വദേശി ഹജ്നാസ്, നരിക്കുനി സ്വദേശി പാറക്കൽ സജീഷ്കുമാർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഡോക്ടറും സുഹൃത്തും കാറിൽ വരുമ്പോൾ അരയിടത്ത് പാലത്തിന് സമീപം വെച്ച് രണ്ട് യുവാക്കൾ കാർ തടഞ്ഞ് ഡോക്ടറെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും അശ്ളീല ആംഗ്യങ്ങൾ കാണിച്ചും തെറിവിളിച്ചും അപമാനിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് പോലീസ് ഇൻസ്‍പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡോക്ടറുടെ കാർ തടഞ്ഞ സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയതെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ ഉടമസ്ഥൻ വാഹനം പണയപ്പെടുത്തിയത് അന്വേഷണത്തിന് തിരിച്ചടിയായി. തുടർന്ന് കേസിന് തുമ്പുണ്ടായതാവട്ടെ മയക്കുമരുന്ന് സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലും.

ബാലുശ്ശേരി പോലീസും സിറ്റി ക്രൈം സ്ക്വാഡും ഒമ്പത് കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ അജിത് വർഗീസ് എന്നയാളുടെ മയക്കുമരുന്ന് സംഘത്തിൽപെട്ട താമരശ്ശേരി സ്വദേശികളായ സനീഷ്, അലക്സ് വർഗീസ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനത്തിന്റെ യഥാർത്ഥ ഉടമസ്ഥനായ കോഴിക്കോട് കായലം സ്വദേശി, വാഹനം പണയപ്പെടുത്തിയത് ആന്ധ്രയിൽ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ നാട്ടിലെത്തിയ യുവാവിനായിരുന്നു. പതിനായിരം രൂപയ്ക്കാണ് വാഹനം പണയപ്പെടുത്തിയത്. ഇയാൾ തന്നോടൊപ്പം ആന്ധ്ര ജയിലിൽ കഞ്ചാവ് കേസിൽ തടവിൽ കഴിഞ്ഞിരുന്ന മറ്റൊരാൾക്ക് ഈ വാഹനം പിന്നീട് പണയപ്പെടുത്തി. അയാളിൽ നിന്നും അജിത്ത് വർഗീസിന്റെ സംഘം സ്കൂട്ടര്‍ കൈവശപ്പെടുത്തി. 

പത്തോളം ആളുകൾ കൈമാറിയാണ് സ്കൂട്ടര്‍ നിലവിൽ ഡോക്ടറെ തടഞ്ഞ സംഘത്തിന്റെ കയ്യിലെത്തിയത്. മയക്കുമരുന്ന് കേസ് മുതൽ കൊലപാതക കേസില്‍ വരെ ഉൾപ്പെട്ടവരുടെ കൈകളിലായിരുന്നു ഈ വാഹനം പലസമയത്തായി എത്തപ്പെട്ടതും കൈമാറ്റം ചെയ്യപ്പെട്ടതും. ഇങ്ങന പല കേസുകളില്‍ പ്രതികളായ പത്തോളെ പേരെ ഒറ്റ ദിവസംകൊണ്ട് കണ്ടെത്തി ചോദ്യം ചെയ്താണ് അന്വേഷണ സംഘം യഥാർത്ഥ പ്രതികളിലെത്തിയത്. അറസ്റ്റിലായ ഹജ്നാസിനെതിരെ സ്വർണക്കടത്ത് കേസിൽ വിചാരണ നടപടികൾ നടന്നുവരികയാണ് മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ നിവിൻ പ്രതികളെ അറസ്റ്റ് ചെയ്തു.

Read also: ആതിഥേയ സംസ്കാരം നൻമയുടെ ലക്ഷണം; മുഖ്യമന്ത്രി എഴുന്നേറ്റപ്പോൾ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മന്ത്രി വാസവൻ

Asianet News Live