ആലപ്പുഴ : വാസയോഗ്യമായ വീടുള്ള അമ്മയുടെ പേരും വാസയോഗ്യമായ  വീടില്ലാത്ത തന്റെ പേരും ഒരേ റേഷന്‍ കാര്‍ഡിലായതിനാല്‍ വീട് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ നിന്നും തന്നെ ഒഴിവാക്കിയെന്ന് ആരോപിച്ച് സമര്‍പ്പിച്ചപരാതിയില്‍ പരാതിക്കാരിക്ക് വീട് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ഒരേ റേഷന്‍കാര്‍ഡിലാണ് പേരുണ്ടായിരുന്നതെങ്കിലും അമ്മയും മകളും രണ്ടിടത്താണ് താമസം. പിന്നീട് അമ്മയുടെ പേര് പരാതിക്കാരിയുടെ  റേഷന്‍ കാര്‍ഡില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നിട്ടും ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ പേര് വരാത്ത സാഹചര്യത്തിലാണ് പട്ടോളിമാര്‍ക്കറ്റ് പുതിയവിള സ്വദേശിനി രാജിമോള്‍ കമ്മീഷനെ സമീപിച്ചത്. കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്.
 
കമ്മീഷന്‍ കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന വീട് വാസയോഗ്യമല്ലെന്നും തീര്‍ത്തും ജീര്‍ണാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈഫ് പദ്ധതിയുടെ അര്‍ഹതാ മാനദണ്ഡപ്രകാരം ഒരു റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബത്തിന് വാസയോഗ്യമായ വീടുണ്ടെങ്കില്‍ ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ കഴിയില്ല. 

പദ്ധതി പ്രകാരം പരാതിക്കാരിക്ക് വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് ഇക്കാര്യത്തില്‍ സംഭവിച്ചതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. മേല്‍ഘടകങ്ങളുടെ ശ്രദ്ധയില്‍പെടുത്തി പരാതി ഉടന്‍ പരിഹരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.