ധാക്കയിൽ നടന്ന ആദ്യ ഏകദിനത്തിൽ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 114 റൺസിന് പുറത്തായപ്പോൾ, ബംഗ്ലാദേശ് വെറും 15.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

ധാക്ക: പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് ജയം. ധാക്കയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 30.4 ഓവറില്‍ 114ന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നഹീദ് റാണയാണ് പാകിസ്ഥാനെ തകര്‍ത്തത്. മെഹ്ദി ഹസന്‍ മിറാസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത ഹഫീം അഷ്‌റഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 15.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്ന തന്‍സിദ് ഹസന്‍ തമീമാണ് ബംഗ്ലാദേശിനെ അതിവേഗ വിജയത്തിലേക്ക് നയിച്ചത്.

സെയ്ഫ് ഹസന്റെ (4) വിക്കറ്റ് മൂന്നാം ഓവറില്‍ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ തന്‍സിദ് - നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27) സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ത്ത് വിജയത്തിനടുത്തെത്തിച്ചു. എന്നാല്‍ 14-ാം ഓവറില്‍ ഷാന്റോയെ മുഹമ്മദ് വസീം മടക്കി. തുടര്‍ന്ന് തന്‍സിദ് - ലിറ്റണ്‍ ദാസ് (3) സഖ്യം ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. തന്‍സിദ് അഞ്ച് സിക്‌സും ഏഴ് ഫോറും നേടി.

നേരത്തെ അഷ്‌റഫിന് പുറമെ ഏകദിന ടീമില്‍ അരങ്ങേറിയ സാഹിബ്‌സാദ ഫര്‍ഹാന്‍ (27), മാസ് സദാഖത് (18) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ഭേദപ്പെട്ട തുടക്കമായിരുന്നു പാകിസ്ഥാന്. ഒന്നാം വിക്കറ്റില്‍ ഫര്‍ഹാന്‍ - സദാഖത് സഖ്യം സഖ്യം 41 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ പത്താം ഓവറിലെ അവസാന പന്തില്‍ ഫര്‍ഹാന്‍ പുറത്തായി. റാണയുടെ ആദ്യ വിക്കറ്റായിരുന്നു അത്. തുടര്‍ന്ന് സദാഖത്, ഷാമില്‍ ഹുസൈന്‍ (4), മുഹമ്മദ് റിസ്വാന്‍ (1), സല്‍മാന്‍ അഗ (5) എന്നിവരുടെ വിക്കറ്റുകള്‍ റാണ സ്വന്തമാക്കി. ഇതോടെ 17.5 ഓവറില്‍ അഞ്ചിന് 69 എന്ന നിലയിലായി പാകിസ്ഥാന്‍.

തുടര്‍ന്ന് ഹുസൈന്‍ താലാത് (4), അബ്ദുള്‍ സമദ് (0), ഷഹീന്‍ അഫ്രീദി എന്നിവര്‍ മെഹിദി ഹസന്‍ മിറാസ് പുറത്താക്കി. മുഹമ്മദ് വസീമിനെ (0) ടസ്‌കിന്‍ അഹമ്മദ് പുറത്താക്കിയതോടെ ഒമ്പതിന് 82 എന്ന നിലയിലായി പാകിസ്ഥാന്‍. അവസാന വിക്കറ്റില്‍ അബ്രാര്‍ അഹമ്മദിനെ (0) കൂട്ടുപിടിച്ച് അഷ്‌റഫ് കൂട്ടിചേര്‍ത്ത 32 റണ്‍സാണ് പാകിസ്ഥാനെ വലിയ നാണക്കേടില്‍ നിന്നൊഴിവാക്കിത്. 31-ാം ഓവറില്‍ അഷ്‌റഫിനെ പുറത്താക്കി മുസ്തഫിസുര്‍ റഹ്മാന്‍ പാകിസ്ഥാനെ ചുരുട്ടികൂട്ടുകയായിരുന്നു. ബാബര്‍ അസം ഇല്ലാതെയാണ് പാകിസ്ഥാന്‍ ബംഗ്ലാദേശ് പര്യടനത്തിനെത്തിയത്. ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബറിന് ഏകദിന ടീമില്‍ നിന്നും സ്ഥാനം നഷ്ടമായത്.

YouTube video player