സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വാർഡിൽ നിന്നും പുറത്തേക്കിറങ്ങുന്ന രോഗികളെ നിരീക്ഷിക്കാൻ വേണ്ടത്ര സുരക്ഷാ ജീവനക്കാർ ഇല്ല.

തിരുവനന്തപുരം : മെഡിക്കൽകോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്നും 45 വയസുകാരൻ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മെഡിക്കൽ കോളേജിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെയാണ് നടപടി. കോളേജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. നവംബർ എട്ടാം തീയ്യതി തിരുവനന്തപുരം പി. എം. ജി. ജംഗ്ഷനിലുള്ള കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 

തിരുവനന്തപുരം കരിക്കകം ഷീജ നിവാസിൽ ഗോപകുമാറാണ് (45) കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. നെഫ്രോളജി വാർഡിലാണ് സംഭവം നടന്നത്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഗോപകുമാർ. നവംബറിൽ അവയവമാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വാർഡിൽ നിന്നും പുറത്തേക്കിറങ്ങുന്ന രോഗികളെ നിരീക്ഷിക്കാൻ വേണ്ടത്ര സുരക്ഷാ ജീവനക്കാർ ഇല്ല. ഒരു വർഷത്തിനുള്ളിൽ സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഗോപകുമാറിന്റെതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Read also:  അമ്മയെയും മക്കളെയും കുത്തി പരിക്കേല്‍പ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍, സംഭവം കാലടിയില്‍

കോഴിക്കോട് 2019ല്‍ കല്ലൂത്താംകടവ് കോളനി നിവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് നഗരസഭ നിര്‍മ്മിച്ച് നല്‍കിയ ഫ്‌ളാറ്റിലെ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കോഴിക്കോട് നഗരസഭാ സെക്രട്ടറി 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.

ഫ്‌ളാറ്റിന്റെ ഏഴാം നിലയിലെ മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്. ഇവിടെ താമസിക്കുന്ന പളനിവേലിന്റെ കൊച്ചുമകന്റെ പിറന്നാള്‍ ദിവസം കുഞ്ഞ് കിടന്ന തൊട്ടിലിന് സമീപം മേല്‍ക്കൂരയുടെ പ്ലാസ്റ്ററിംഗ് അടര്‍ന്നു വീണു. കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏഴാം നിലയിലെ ഇരുപതോളം ഫ്‌ളാറ്റുകളുടെ സ്ഥിതി ഇതാണ്.' മഴക്കാലത്ത് വെള്ളം ചോര്‍ന്നൊലിക്കുന്നതും പതിവാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...