തുരുമ്പെടുത്ത് നൂറ് കണക്കിന് വാഹനങ്ങള്‍; തൊണ്ടിവാഹനങ്ങൾ കുന്നുകൂടി ഡിവൈഎസ്പി ഓഫിസ്, ഗതാഗതക്കുരുക്ക്
കേസിൽപ്പെടുന്ന വാഹനങ്ങൾ നടപടികൾ പൂർത്തിയാക്കി വേഗം ഉടമകൾക്ക് വിട്ടുനൽകണമെന്ന ഡിജിപിയുടെ ഉത്തരവ് നിലനിൽക്കെയാണ് കാട്ടാക്കടയിൽ വാഹനങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുന്നത് എന്നാണ് ആരോപണം.

തിരുവനന്തപുരം: കാട്ടാക്കട ഡിവൈഎസ്പി ഓഫിസ് വളപ്പ് തൊണ്ടി വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. കേസിൽപ്പെടുന്ന വാഹനങ്ങൾ നടപടികൾ പൂർത്തിയാക്കി വേഗം ഉടമകൾക്ക് വിട്ടുനൽകണമെന്ന ഡിജിപിയുടെ ഉത്തരവ് നിലനിൽക്കെയാണ് കാട്ടാക്കടയിൽ വാഹനങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുന്നത് എന്നാണ് ആരോപണം.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് സ്റ്റേഷന്‍ വളപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ, വിവിധ കേസുകളിൽപ്പെട്ട വാഹനങ്ങൾ എന്നിവയാണ് ഇതിലേറെയും എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. രേഖകളില്ലാത്തതിനാൽ പിടിച്ചെടുക്കുന്ന വാഹനത്തിന്‍റെ ഉടമകൾക്ക് ഒരു വർഷം കഴിയുമ്പോൾ നോട്ടീസ് അയക്കുമെങ്കിലും മറുപടി കിട്ടാറില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബാക്കിയുള്ളവ കോടതിയിൽ നിന്ന് റിലീസ് ഓർഡർ കിട്ടാത്തവയാണ്.
ഒരേക്കറിലധികം ഭൂമിയുള്ള ഡിവൈഎസ്പി ഓഫിസ് വളപ്പില്‍ പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും സ്ഥിതിചെയ്യുന്നുണ്ട്. ഓഫിസ് വളപ്പിൽ ഏറിയ ഭാഗവും കേസില്‍പ്പെടുന്ന വാഹനങ്ങളാല്‍ നിറഞ്ഞതോടെ ഇവിടെ നിന്നുതിരിയാൻ ഇടമില്ലാതായി. ഈ വാഹനങ്ങൾ നീക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് ഏറെ നാളായെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സ്ഥലമില്ലാത്തതു കാരണം വാഹനങ്ങൾ റോഡിലിടേണ്ട സ്ഥിതിയുമുണ്ട്. ഇത് കാട്ടാക്കട - നെയ്യാര്‍ ഡാം റോഡില്‍ രൂക്ഷമായ ഗതാഗത കുരുക്കിനും ഇടയാക്കുന്നു. വാഹനങ്ങൾ അധികമാകുമ്പോൾ നെടുമങ്ങാട്ടും പുളിങ്കുടിയിലുമുള്ള ഡംബിങ് യാർഡിലേക്ക് മാറ്റാനുള്ള ചെലവ് അതത് സ്റ്റേഷനിലെ പൊലീസ് വഹിക്കണമെന്നുള്ളതിനാൽ അതും നടക്കുന്നില്ല.