ഹങ്കേഴ്സ് ഹണ്ട് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഫുഡ് ഷെല്‍ഫിലൂടെ, കൈയില്‍ പണം ഇല്ലെങ്കിലും ഭക്ഷണം ലഭ്യമാകുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. 

ഇടുക്കി: നെടുങ്കണ്ടത്ത് സൗജന്യ ഭക്ഷണ അലമാര സ്ഥാപിച്ച് ഫാ. ഡേവീസ് ചിറമേല്‍ ഫൗണ്ടേഷന്റെ ഹങ്കേഴ്സ് ഹണ്ട് (Hungers Hund). വിശന്നുവലയുന്നവര്‍ക്ക് ഇവിടെയെത്തിയാല്‍ ഭക്ഷണം സൗജന്യമായി (Free Food) ലഭിക്കും. സന്മനസുള്ള ആര്‍ക്കും ഭക്ഷണപൊതി അലമാരയില്‍ നിക്ഷേപിയ്ക്കാം. വിശക്കുന്നവര്‍ക്ക്, സ്വയം പൊതി എടുത്ത് കഴിയ്ക്കാം. ഹങ്കേഴ്സ് ഹണ്ട് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഫുഡ് ഷെല്‍ഫിലൂടെ, കൈയില്‍ പണം ഇല്ലെങ്കിലും ഭക്ഷണം ലഭ്യമാകുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. 

പദ്ധതിയുടെ ഉദ്ഘാടനം ഫാ. ഡേവിസ് ചിറമേല്‍ നിര്‍വ്വഹിച്ചു. നെടുങ്കണ്ടം മര്‍ച്ചന്റ് അസോസിയേഷന്റെയും വൈഎംസിഎയുടേയും സഹകരണത്തോടെയാണ് നെടുങ്കണ്ടത്ത് ഫുഡ് ഷെല്‍ഫ് സ്ഥാപിച്ചത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എംഎസ് മഹേശ്വരന്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ സുരേഷ്, സെക്രട്ടറി ജയിംസ് മാത്യു വൈഎംസിഎ പ്രസിഡന്റ് സി സി തോമസ്, സെക്രട്ടറി ജോബിന്‍ ജോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.