രണ്ടുവര്‍ഷം മുമ്പ് മൂന്നാര്‍ ഫോറസ്റ്റ് ഓഫീസിന് സമീപത്തുള്ള പൊന്തക്കാട്ടില്‍ നിന്നുമാണ് കാട്ടുപോത്തിന്‍റെ ശരീര അവശിഷ്ടങ്ങള്‍ അധികൃതര്‍ കണ്ടെത്തിയത്. 

ഇടുക്കി: ഇടുക്കി ജില്ലയിലെ മൂന്നാറില്‍ എസ്റ്റേറ്റ് മേഖലകളില്‍ നായാട്ട് സംഘങ്ങള്‍ സജീവമാകുന്നു. ദേവികുളം സൈലന്‍റുവാലി ഗൂഡാര്‍വിള നെറ്റിക്കുടി കന്നിമല രാജമല മേഖലകളിലാണ് വന്യമ്യങ്ങളെ കെണിവെച്ച് പിടിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നത്. ദേവികുളം നെറ്റക്കുടിയില്‍ കാട്ടുപോത്തിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ അന്വേഷണം ഇപ്പോഴും ഇഴയുകയാണ്. 

രണ്ടുവര്‍ഷം മുമ്പ് മൂന്നാര്‍ ഫോറസ്റ്റ് ഓഫീസിന് സമീപത്തുള്ള പൊന്തക്കാട്ടില്‍ നിന്നുമാണ് കാട്ടുപോത്തിന്‍റെ ശരീര അവശിഷ്ടങ്ങള്‍ അധികൃതര്‍ കണ്ടെത്തിയത്. ദേവികുളം ഡി എഫ് ഒയുടെ നേത്യത്വത്തില്‍ പ്രത്യേക സംഘത്തെത രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. എസ്റ്റേറ്റ് തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം മാസങ്ങള്‍ പിന്നിട്ടതോടെ അധിക്യതര്‍ നിര്‍ത്തി. 

മൂന്നാര്‍ മലനിരകളുടെ സമീപത്തെ എസ്റ്റേറ്റുകളിലെയും സ്ഥിതി മറിച്ചല്ല. നിരവധി നായാട്ടുകള്‍ നടക്കുന്നുണ്ടെങ്കിലും പലതും പുറത്തറിയുന്നില്ല. മൂന്നാര്‍ ടൗണിലെ ചില കടകള്‍ കേന്ദ്രീകരിച്ചും സ്വകാര്യ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും വന്യമ്യഗങ്ങളുടെ ഇറച്ചികള്‍ ലഭിക്കുന്നതായാണ് വിവരം. 

രാത്രിയുടെ മറവില്‍ മൂന്നാറിലെത്തുന്ന ഇറച്ചി മണിക്കൂറുകള്‍ക്കുള്ളില്‍ വില്‍ക്കപ്പെടുകയാണ്. സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ സ്വകാര്യ റിസോര്‍ട്ടുകളിലും കാട്ടിറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. മൂന്നാറിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വനപാലകര്‍ അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.