അസുഖ വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. മോഹന്‍ദാസിന്റെ നേത്യത്യത്തില്‍ വള്ളിയെ കമ്പിളി കൊണ്ടുണ്ടാക്കിയ മഞ്ചലില്‍ ചുമന്ന് കാട്ടിലൂടെ നടന്ന് ആനക്കുളത്ത് എത്തിക്കുകയായിരുന്നു.

ഇടമലക്കുടി: ഇടുക്കിയില്‍ പനി ബാധിച്ച് അവശതയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് മരക്കൊമ്പില്‍ തുണികെട്ടി പത്തുകിലോമീറ്റര്‍ ചുമന്ന്. സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് സംഭവം. പനി ബാധിച്ച് അവശനിലയിലായ ആദിവാസി യുവതിയെ ബന്ധുക്കളും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേര്‍ന്നാണ് 10 കിലോമീറ്ററോളം മരക്കൊമ്പ് കൊണ്ട് മഞ്ചലുണ്ടാക്കി ചുമന്ന് ആശുപത്രിയിലെത്തിച്ചത്. 

ഇടമലക്കുടി പഞ്ചായത്തിലെ മീന്‍ കൊത്തി സ്വദേശി പാശി മുത്തുവിന്റെ ഭാര്യ വള്ളി (38)യെയാണ് മാങ്കുളം ആനക്കുളത്തേക്ക് ചുമന്ന് എത്തിച്ച ശേഷം വാഹനത്തില്‍ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയായി പനിപിടിച്ച് വീട്ടില്‍ കിടപ്പിലായിരുന്നു വള്ളി. ഇടമലക്കുടിയില്‍ കനത്ത മഴയായതിനാല്‍ നടന്ന് സൊസൈറ്റി കുടിയിലെ ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ല. 

കഴിഞ്ഞ ദിവസം ഇവരുടെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. മോഹന്‍ദാസിന്റെ നേത്യത്യത്തില്‍ വള്ളിയെ കമ്പിളി കൊണ്ടുണ്ടാക്കിയ മഞ്ചലില്‍ ചുമന്ന് കാട്ടിലൂടെ നടന്ന് ആനക്കുളത്ത് എത്തിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ രാജമല പുല്ലുമേട് മുതല്‍ സൊസൈറ്റി കുടി വരെ മാത്രമാണ് റോഡ് ഉള്ളത്. ഇവിടെ നിന്നും പത്തു കിലോമീറ്റര്‍ അകലെയാണ് മീന്‍ കൊത്തി കുടി .

അുത്തിടെ പറമ്പിക്കുളം ഓവൻപാടി കോളനി പാലമില്ലാത്തതിനാൽ രോ​ഗിയായ സ്ത്രീയെ മുളയിൽ കെട്ടിവെച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. രോഗിയെ ചുമന്ന് ഏഴ് കിലോമീറ്റർ നടന്നാണ് ആശുപത്രിയിലെത്തിച്ചത്. 2019ലെ പ്രളയത്തില്‍ കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകർന്നു പോയിരുന്നു. പിന്നീട് പാലം നിർമിക്കാൻ നിരവധി തവണ അപേക്ഷ നൽകിയെങ്കിലും പുതിയ പാലം വന്നില്ല. സംഭവം വിവാദമായതോടെ പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്നു കിടക്കുന്ന പാലം ഉടൻ പുനർ നിർമിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

Read More : ഒടുവിൽ കണ്ണുതുറന്നു; പറമ്പിക്കുളം ഒറവൻപാടി ഊരിലേക്കുള്ള പാലം നിർമാണം തുടങ്ങുന്നു, 23ലക്ഷം രൂപ അനുവദിച്ചു