ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകാനായി കുളത്തൂപ്പുഴ ചെമ്പനഴികം ഭാഗത്ത് ഓട്ടോറിക്ഷ കാത്തു നിൽക്കുകയായിരുന്ന അശ്വതിയെ സുഹൃത്തിനോടൊപ്പം ബൈക്കിൽ എത്തിയ അജീഷ് ആക്രമിക്കുകയായിരുന്നു.
കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിച്ചു വരുന്ന അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഏറെ നാളായി ഇരുവരും വേർ വേർപിരിഞ്ഞു താമസിച്ചിവരികയായിരുന്നു. സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ പിടികൂടി കുളത്തുപ്പുഴ പൊലീസിന് കൈമാറി. അശ്വതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാലുവർഷമായി കുടുംബപ്രശ്നത്തേ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകാനായി കുളത്തൂപ്പുഴ ചെമ്പനഴികം ഭാഗത്ത് ഓട്ടോറിക്ഷ കാത്തു നിൽക്കുകയായിരുന്ന അശ്വതിയെ സുഹൃത്തിനോടൊപ്പം ബൈക്കിൽ എത്തിയ അജീഷ് മർദ്ദിക്കുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് കുത്തുകയുമായിരുന്നു.അശ്വതി ഒഴിഞ്ഞുമാറിയെങ്കിലും പുറത്ത് കുത്തേറ്റു. തുടർന്നാണ് നാട്ടുകാർ അജീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കുളത്തുപ്പുഴ പൊലീസ് അശ്വതിയുടെ മൊഴി രേഖപ്പെടുത്തി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അജീഷിനെതിരെ കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ അജീഷിനെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.


