സ്വന്തം നിലയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന രേഷ്മ 14 ലക്ഷത്തോളം രൂപയുടെ ബാധ്യത വരുത്തിയതായി ബിനു പറയുന്നു. പണം ആർക്ക് നൽകിയെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാതിരുന്നതാണ് തർക്കത്തിന് കാരണമായത്
കായംകുളം: ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. ധനകാര്യ സ്ഥാപന ഉടമ കൂടിയാണ് ഭർത്താവ്. ഭാര്യയുടെ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമണത്തിന് കാരണമായത്. പുതുപ്പള്ളി കൊച്ചുവീട്ടിൽ ജംഗ്ഷനു സമീപം വിദ്യാമന്ദിരത്തിൽ ബിനുവിന്റെഭാര്യ രേഷ്മയാണ് (36) വെട്ടേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് ബിനു വിദ്യാധരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വർഷങ്ങളായി സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് ബിനു. ഇതിനിടെ രേഷ്മ സമാന്തരമായ സ്വകാര്യ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതാണ് ഇരുവരും തമ്മിൽ തർക്കത്തിലാകാൻ കാരണമെന്ന് പൊലീസ് പറയുന്നു. പലിശയ്ക്ക് പലർക്കും രേഷ്മ പണം കടം കൊടുത്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ബിനു വിവരങ്ങൾ തിരക്കിയപ്പോൾ തർക്കത്തിലാകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്വന്തം നിലയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന രേഷ്മ 14 ലക്ഷത്തോളം രൂപയുടെ ബാധ്യത വരുത്തിയതായി ബിനു പറയുന്നു. പണം ആർക്ക് നൽകിയെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകാതിരുന്നതാണ് തർക്കത്തിന് കാരണമായത്. സമുദായ സംഘടനയുടെ വനിതവിഭാഗം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന രേഷ്മ മൈക്രോ ഫൈനാൻസ് സംരംഭം വഴി ഇടപാടുകൾ നടത്തിയിരുന്നതായും പറയുന്നു. സി.ഡി.എസിൽ സജീവമായിരുന്ന ഇവരെ കുടുംബപ്രശ്നങ്ങൾ കാരണം ഒഴിവാക്കുകയായിരുന്നു. വിഷയത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ ബിനുവിന്‍റെ ബന്ധുവിനെതിരെ രേഷ്മ നൽകിയ പീഡനാരോപണ പരാതി വിഷയം കൂടുതൽ വഷളാക്കി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വീട്ടിലെത്തി മടങ്ങയതിന് ശേഷമുണ്ടായ തർക്കത്തിനൊടുവിലാണ് വെട്ടിപരിക്കേൽപ്പിച്ചത്.
