Asianet News MalayalamAsianet News Malayalam

ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി: 6 വര്‍ഷത്തിന് ശേഷം ഭർത്താവിന് ജീവപര്യന്തവും പിഴയും

 വഴക്കിനിടെ സുഹ്‌റ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മജീദ് പൊലീസിന് ആദ്യം നല്‍കിയ മൊഴി. വിശദമായി ചോദ്യം ചെയ്തതോടെയാണ് സുഹ്റ കഴുത്തില്‍ ചുറ്റിയ തോര്‍ത്തിന്റെ അഗ്രഭാഗങ്ങളില്‍ പിടിച്ചുവലിച്ചതായി മജീദ് സമ്മതിച്ചത്

Husband Gets Life Sentence For Killing Wife in wayanad
Author
Wayanad, First Published May 17, 2022, 10:25 PM IST

കൽപ്പറ്റ: ഭാര്യയെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പനമരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കെല്ലൂര്‍ കാരക്കാമല കാഞ്ഞായി മജീദിനെയാണ് (52) ഭാര്യ സുഹ്‌റയെ (40) കൊലപ്പെടുത്തിയ കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജ്കുമാര ശിക്ഷിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2016 സെപ്റ്റംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ വീട്ടില്‍ നിന്നു കുട്ടികളുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്തു മുറുകി അനക്കമറ്റ നിലയില്‍ കിടക്കുകയായിരുന്നു സുഹ്‌റ. അയല്‍ക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊലപാതകമാണെന്ന സംശയത്തില്‍ ഭര്‍ത്താവ് മജീദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വഴക്കിനിടെ സുഹ്‌റ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മജീദ് പൊലീസിന് ആദ്യം നല്‍കിയ മൊഴി. വിശദമായി ചോദ്യം ചെയ്തതോടെയാണ് സുഹ്റ കഴുത്തില്‍ ചുറ്റിയ തോര്‍ത്തിന്റെ അഗ്രഭാഗങ്ങളില്‍ പിടിച്ചുവലിച്ചതായി മജീദ് സമ്മതിച്ചത്. സ്വയം മരിക്കുമെന്ന് പറഞ്ഞ് സുഹ്റ കഴുത്തില്‍ ചുറ്റിയ തോര്‍ത്തില്‍ ''കൊന്നുതരാമെന്ന്'' പറഞ്ഞാണ് പിടിച്ചുവലിച്ചതെന്നാണ് മജീദ് വെളിപ്പെടുത്തിയിരുന്നത്. കുരുക്ക് മുറുകി കട്ടിലില്‍ വീണ സുഹ്റയെ മജീദ് വിളിച്ചപ്പോള്‍ അനക്കം ഉണ്ടായിരുന്നില്ല. പിന്നീട് കുട്ടികളെക്കൊണ്ട് വിളിപ്പിച്ചിട്ടും സുഹ്‌റ ഉണര്‍ന്നില്ല. അന്നത്തെ മീനങ്ങാടി സിഐ എം വി പളനിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്.

മാനസികരോഗിയാണെന്ന് വരുത്തിതീര്‍ത്തശേഷം ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഇയാള്‍ പല തവണ മന്ത്രവാദിയെ സമീപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു വിവാഹം ചെയ്ത് താമസം മാറിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.

Follow Us:
Download App:
  • android
  • ios