കൊല്ലപ്പെട്ട ദേവി കൃഷ്ണയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് സംശയത്തില്‍ ഇവരുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. 

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 22 -ാം വാര്‍ഡ് കലവൂര്‍ ഐടിസി കോളനിയില്‍ ദേവികൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. കഴുത്തിന് വെട്ടേറ്റ് രക്തം വാര്‍ന്ന് കിടന്ന ദേവികൃഷ്ണ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഭര്‍ത്താവ് പ്രകാശനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായിട്ടാണ് പൊലിസ് വിലയിരുത്തല്‍. കൊല്ലപ്പെട്ട ദേവി കൃഷ്ണയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് സംശയത്തില്‍ ഇവരുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. പ്രകാശന്‍ മുമ്പും നിരവധി അക്രമ സംഘങ്ങളിലും അടിപിടികേസുകളിലും ഉള്‍പ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണ്. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. 

ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന കേസ് ഐ ടി സി കോളനിയിലെ കുറ്റകൃത്യങ്ങളില്‍ അവസാനത്തേതാണ്. ജില്ലയിലെ നിരവധി അക്രമസംഭവങ്ങളിലെ പ്രതികളുടെ ഒളിത്താവളവും ഗുണ്ടാ, ബ്‌ളേഡ് മാഫിയ, കഞ്ചാവ് സംഘങ്ങളുടെ കേന്ദ്രവുമാണിവിടം. 

ബിജെപി നേതാവായിരുന്ന വേണുഗോപാല്‍ രണ്ടുവര്‍ഷം മുന്‍പ് കൊല്ലപ്പെട്ടത് ഇവിടെ വെച്ചായിരുന്നു. പുലര്‍ച്ചെ നടക്കാനിറങ്ങിയ വേണുഗോപാലിനെ ആറംഗ സംഘം കഴിത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കെ എസ് ഇ ബി ജീവനക്കാരനായ സജിലാലിന്റെ വധത്തെ തുടര്‍ന്നായിരുന്നു ഈ കൊലപാതകം. ആ കേസില്‍ മാസങ്ങള്‍ക്ക് ശേഷമാണ് പൊലീസിന് പ്രതികളെ പിടിക്കാനായത്. ഇന്ന് നടന്ന കൊലപാതകത്തിലും ഒന്നിലേറെപ്പേരുടെ പങ്ക് പൊലീസ് ഉറപ്പിക്കുന്നു.