ഇടുക്കി: ഇടുക്കി അടിമാലിയിൽ ഭാര്യയെ കാറിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാത്യൂവിനായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. ഇന്നലെ ഇയാൾ കോഴിക്കോട് സ്വദേശിയെ ഫോണിൽ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചു.

ബുധനാഴ്ച രാത്രിയാണ് വയനാട് മാനന്തവാടി സ്വദേശി മാത്യൂ, ഭാര്യ ലൈലാ മണിയെ അടിമാലിയിൽ ദേശീയപാതയോരത്ത് കാറിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വണ്ടി നിർത്തി മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പോയ മാത്യൂ പിന്നെ വന്നില്ലെന്നാണ് ലൈലാമണി പൊലീസിന് നൽകിയ മൊഴി. ഒന്നര ദിവസത്തോളം പച്ചവെള്ളം പോലും കിട്ടാതെ കാറിൽ കിടന്ന രോഗിയായ വീട്ടമ്മയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓട്ടോ ഡ്രൈവർമാരാണ് കണ്ടെത്തിയതും, ആശുപത്രിയിൽ എത്തിച്ചതും. 

മാത്യൂ മുമ്പും ഇതുപോലെ ഇവരെ ഉപേക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെ മാത്യൂ കോഴിക്കോടുള്ള സുഹൃത്തിനെ ഫോണിൽ വിളിച്ചിട്ടുണ്ട്. ഈ സുഹൃത്ത് തന്നെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. എന്നാൽ എവിടെ നിന്നാണെന്ന് മാത്യൂ പറഞ്ഞിരുന്നില്ല. വിളിച്ച നമ്പർ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. 

അതേസമയം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലൈലാമണി ചികിത്സ തുടരുകയാണ്. നിലവിൽ ഇവർക്ക് സംസാരിക്കാൻ പ്രയാസമുണ്ടെന്നും നില മെച്ചപ്പെട്ടാൽ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Read Also: വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച് കടന്നത് രണ്ടാം ഭര്‍ത്താവ്, തിരുവനന്തപുരത്ത് വെച്ചും ഉപേക്ഷിക്കാന്‍ ശ്രമം നടന്നു