Asianet News MalayalamAsianet News Malayalam

ഭർത്താവ് വീട്ടിൽ കയറ്റുന്നില്ല; അഞ്ച് വയസുള്ള മകനുമൊത്ത് വീടിന് മുന്നിൽ കുത്തിയിരുന്ന് ഭാര്യയുടെ പ്രതിഷേധം

ഭർത്താവ് വീട് പൂട്ടി പോയതിനെ തുടർന്ന് എറണാകുളം നെല്ലിക്കുഴി സ്വദേശി റെജീനയും മകനും നാല് ദിവസമായി വീടിന് മുന്നിലെ വരാന്തയിൽ ഇരിക്കുകയാണ്

Husband vs Wife issue into protest
Author
Ernakulam, First Published Aug 7, 2020, 12:41 AM IST

കൊച്ചി: ഭർത്താവ് വീട്ടിൽ കയറ്റുന്നില്ലെന്ന് ആരോപിച്ച് അഞ്ച് വയസുള്ള മകനുമൊത്ത് വീടിന് മുന്നിൽ കുത്തിയിരുന്ന് ഭാര്യയുടെ പ്രതിഷേധം. ഭർത്താവ് വീട് പൂട്ടി പോയതിനെ തുടർന്ന് എറണാകുളം നെല്ലിക്കുഴി സ്വദേശി റെജീനയും മകനും നാല് ദിവസമായി വീടിന് മുന്നിലെ വരാന്തയിൽ ഇരിക്കുകയാണ്. റെജീനയുടെ പരാതിയിൽ ഭര്‍ത്താവായ ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുത്തു.

റെജീനയും മകനും മൂവാറ്റുപുഴ മുളവൂരിലെ വീടിന് മുന്നിൽ കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയതാണ് ഈ ഇരിപ്പ്. കുടുംബവഴക്കിനെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുന്‍പ് ഭർത്താവ് ഇബ്രാഹിം തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് റെജീന ആരോപിക്കുന്നു. ഇതേ തുടർന്ന് ഇബ്രാഹിമിനെതിരെ ഗാർഹിക പീ‍ഡനത്തിന് റെജീന കോതമംഗലം കോടതിയിൽ ഹർജി നൽകി. കേസിൽ റെജീനയ്ക്ക് അനുകൂലമായി വിധി വന്നു. ഇതേത്തുടർന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ ചർച്ചയിൽ റെജീനയെയും മകനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഇബ്രാഹിം വാക്ക് നൽകി. തുടർന്ന് രണ്ട് വാഹനങ്ങളിലായി ഇരുവരും മുളവൂരിലെ വീട്ടിലേക്ക് തിരിച്ചു. ഇബ്രാഹിം പക്ഷേ വീട്ടിലേക്ക് എത്തിയില്ല. റെജീനയെത്തി നോക്കിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു.

പൊലീസെത്തി ഇബ്രാഹിമിനെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്. തുടർന്ന് റെജീനയുടെ പരാതിയിൽ ഇബ്രാഹിമിനെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിൽ കേസിന്‍റെ വിദശാംശങ്ങൾ കോടതിയെ ധരിപ്പിക്കുമെന്നും തുടർനടപടികൾ കോടതി നിർദ്ദേശപ്രകാരം നടപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

ദില്ലിയില്‍ 12കാരിയെ പീഡിപ്പിക്കുകയും ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍

Follow Us:
Download App:
  • android
  • ios