കഴിഞ്ഞ ദിവസം വൈറലായ പൊലീസ് വാഹനത്തിലെ അക്ഷരത്തെറ്റിലാണ് സേനക്ക് പണി കിട്ടിയത്. വേഗത്തിൽ ജോലി തീർക്കാൻ പറഞ്ഞപ്പോൾ പറ്റിയ അബദ്ധമാണെന്ന് ബോർഡ് എഴുതിയ സ്ഥാപന ഉടമ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

കൊച്ചി: കൊച്ചിയിലെ പൊലീസ് ജീപ്പിലെ അക്ഷരത്തെറ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ബോർഡ് എഴുത്തുകാരന്‍റെ അശ്രദ്ധമൂലമാണ് പൊലീസ് എന്നെഴുതിയതിൽ പിശക് സംഭവിച്ചത്. എന്നാലിത് പൊലീസിന്റെ ശ്രദ്ധയിൽ പെടാൻ യൂത്ത് കോൺ​ഗ്രസുകാർ ജീപ്പ് വളയേണ്ടി വന്നുവെന്നതാണ് കഥ. പൊലീസ് എന്നെഴുതിയ ഇം​ഗ്ലീഷ് വാക്കിൽ ഐയുടെ സ്ഥാനം മാറിപ്പോയതാണ് വിഷയം. ഇതിനാൽ പരിഹാസം കേട്ട് മടുത്തിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ്. 

കഴിഞ്ഞ ദിവസം വൈറലായ പൊലീസ് വാഹനത്തിലെ അക്ഷരത്തെറ്റിലാണ് സേനക്ക് പണി കിട്ടിയത്. വേഗത്തിൽ ജോലി തീർക്കാൻ പറഞ്ഞപ്പോൾ പറ്റിയ അബദ്ധമാണെന്ന് ബോർഡ് എഴുതിയ സ്ഥാപന ഉടമ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. എന്നാൽ ഈ അക്ഷരത്തെറ്റ് സേനയുടെ ശ്രദ്ദയിൽ പെട്ടിരുന്നില്ല. അക്ഷരത്തെറ്റും തലയിലേറ്റി ചെന്നുപെട്ടതോ യൂത്ത് കോണ്‍ഗ്രസിന്‍റെ സമരാവേശത്തിന് നടുവിലുമായിപ്പോയി. തെറ്റിച്ചെഴുതിയ ബോര്‍ഡുമായി പൊലീസ് വാഹനം നേരെ ചെന്നത് പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്കാണ്. കാപ്പ കേസ് പ്രതിയായ മരട് അനീഷിനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു ചുമതല. ധൃതിയില്‍ വാഹനം റിവേഴ്സ് എടുത്ത് സ്റ്റേഷനുമുന്നിലിട്ടു. അതോടെ വാഹനത്തിന്‍റെ മുന്‍വശത്തെ അക്ഷരത്തെറ്റ് അവിടെയും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. നേരെ പ്രതിയുമായി പിന്നീട് വൈദ്യപരിശോധനയ്ക്ക് ജനറല്‍ ആശുപത്രിയിലേക്ക് പോയി. എന്നാൽ സമരം കഴിഞ്ഞ് മടങ്ങിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നടുവിലാണ് ചെന്നുപെട്ടത്. ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയായിരുന്നു പിന്നീട്. പിന്നെ പറയാനുണ്ടോ. നാഴികക്ക് നാല്പതുവട്ടം പഴികേള്‍ക്കുന്ന സേനയ്ക്ക് കൂവിവിളിയും പരിഹാസവും. യൂത്ത് കോൺ​ഗ്രസുകാർ ജീപ്പും വളഞ്ഞ് ബഹളമായി. 

സംഭവം പുറത്തറിഞ്ഞതോടെ വിശദീകരണവുമായി പനങ്ങാട് പൊലീസ് രം​ഗത്തെത്തി. വൈറലായ സ്പെല്ലിംഗ് മിസ്റ്റേക്ക് ബോര്‍ഡെഴുതിയ ചങ്ങാതിക്ക് സംഭവിച്ച അശ്രദ്ധയെന്ന് പൊലീസ് വിശദീകരിക്കുന്നു. പൂത്തോട്ടയിലെ ഔട്ട് ലൈന്‍ ആര്‍ട്ട് വര്‍ക്കിലായിരുന്നു എഴുത്ത്. സ്ഥാപന ഉടമ രാജേഷിനും ആദ്യം കാര്യം പിടികിട്ടിയില്ല. പിന്നീടാണ് അക്ഷരത്തെറ്റ് ശ്രദ്ധയിൽ പെടുന്നത്. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ചറപറ വിളിയെത്തി. അങ്ങനെ ഐയുടെ സ്ഥാനം തെറ്റിയതിനാൽ പഴികേട്ട് മടുത്തിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് സംഘമെന്ന് വേണം പറയാൻ.

'5 മാസം പണിയെടുത്തതിന്റെ ശമ്പളമാണ് ചോദിക്കുന്നത്'; പ്രതിസന്ധിയിൽ 200 ലേറെ കൈറ്റ് അധ്യാപകർ

https://www.youtube.com/watch?v=Ko18SgceYX8