ഇടുക്കിയുടെ പുനര്‍ നിര്‍മ്മാണത്തിനായി പോലീസ് ഇനിയും കര്‍മ്മനിരതരായി രംഗത്തുണ്ടാകുമെന്ന് ഉറപ്പു നല്‍കിയ അവര്‍ അടിയന്തിരമായ നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അടിമാലി, പന്നിയാര്‍ കുട്ടി തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു എ.ഡി.ജി.പി മൂന്നാറിലെത്തിയത്

ഇടുക്കി. മഹാപ്രളയത്തിന്റെ നാളുകളില്‍ തീവ്രമായ പ്രതിസന്ധിഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ കാവലാളായി നിലകൊണ്ട ഇടുക്കി ജനമൈത്രി പൊലീസിന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ബി.സന്ധ്യയുടെ അഭിനന്ദനം. പ്രതിസന്ധിയുണര്‍ത്തുന്ന ഘട്ടങ്ങളില്‍ മനസാന്നിധ്യം കൈവിടാതെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി പോലീസ് യത്നിച്ചത് തങ്ങളുടെ ജീവന്‍ തൃണവല്‍ക്കരിച്ചുകൊണ്ടാണെന്നും പ്രളയത്തിനു ശേഷമുള്ള ദുരിതക്കയത്തില്‍ നിന്നു കരകയറുന്നതിനു പോലീസ് കഠിനാധ്വാനം ചെയ്യുമെന്നും അവര്‍ പറഞ്ഞു. 

പ്രളയാനന്തരമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ എ.ഡി.ജി.പി മൂന്നാറില്‍ സന്ദര്‍ശനം നടത്തവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇടുക്കിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സന്ദര്‍ശനം നടത്തിയ ഉദ്യോഗസ്ഥ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മൂന്നാറിലെത്തിയത്. ശനിയാഴ്ച രാവിലെ മുതല്‍ അപകടം നടന്ന വിവിധ മേഖലകള്‍ സന്ദര്‍ശിച്ചു. 

മണ്ണിടിഞ്ഞ് വീണ് കെട്ടിടം തകര്‍ന്നു വീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിക്കാനിടയായ നല്ലതണ്ണി, വന്‍മല പിളര്‍ന്ന് ഇടിഞ്ഞുവീഴുകയും തകര്‍ന്ന എഞ്ചിനിയറിംഗ് കോളേജിലും സന്ദര്‍ശനം നടത്തിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ശോചനീയാവസ്ഥയിലുള്ള മൂന്നാര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ അവസ്ഥ ഉദ്യോഗസഥര്‍ ബോധിപ്പിച്ചു. സന്ദര്‍ശന വേളയില്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനും ഇത്തരത്തില്‍ അപകടാവസ്ഥയിലാണ് നിലനില്‍ക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ പ്രശ്നം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

ഇടുക്കിയുടെ പുനര്‍ നിര്‍മ്മാണത്തിനായി പോലീസ് ഇനിയും കര്‍മ്മനിരതരായി രംഗത്തുണ്ടാകുമെന്ന് ഉറപ്പു നല്‍കിയ അവര്‍ അടിയന്തിരമായ നിര്‍വ്വഹിക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അടിമാലി, പന്നിയാര്‍ കുട്ടി തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു എ.ഡി.ജി.പി മൂന്നാറിലെത്തിയത്. മൂന്നാര്‍ ഡി.വൈ.എസ്.പി സുനീഷ് ബാബു, സി.ഐ സാം ജോസ്, എസ്.ഐ സജീര്‍, വര്‍ഗ്ഗീസ് തുടങ്ങിയ നിരവധി പോലീസുകാരും എ.ഡി.ജി.പി.യെ അനുഗമിച്ചു.