ഇടുക്കി: ഒരു വര്‍ഷത്തിടെ പ്രളയത്തില്‍ മൂന്നു തവണ തകര്‍ന്ന പെരിയവരയിലെ പാലത്തിന് ബലമേകി ജര്‍മ്മന്‍ സാങ്കേതിക വിദ്യ. മണ്ണൊലിപ്പിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്ന ഈ വിദ്യ പെരിയവരയില്‍ നടപ്പിലാക്കുന്നത് നിരവധിയിടങ്ങളില്‍ പരീക്ഷിച്ചു വിജയം കണ്ടെതിനെ തുടര്‍ന്നാണ്. കേരളത്തില്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത് ആലപ്പുഴ കയര്‍ഫെഡിന്റെ നേതൃത്വത്തിലാണ്.  

യൂറോപ്പില്‍ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന മേഖലകളില്‍ പരീക്ഷിച്ചു വിജയിച്ച ജര്‍മന്‍ സാങ്കേതിക വിദ്യയാണ് കയര്‍ഫെഡ് പെരിയവര പാലത്തില്‍ പരീക്ഷിക്കുന്നത്. കയര്‍ ഭൂവസ്ത്രം എന്ന പേരിലാണ് കയര്‍ ഫെഡ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പുഴയുടെ കുറുതകെ സ്ഥാപിച്ചിട്ടുള്ള ഭീമന്‍ കോണ്‍ക്രീറ്റ പൈപ്പുകളില്‍ മുകളില്‍ മണ്ണും മെറ്റലുകളും നിരത്തി അവയെ കയര്‍ മാറ്റുകൊണ്ട് പുതച്ചു സംരക്ഷിച്ച് അതിനു മുകളില്‍ കരിങ്കല്ലു പാകിയാണ് പാലം നിര്‍മ്മിക്കുന്നത്. 

ശക്തമായ മഴയത്ത് കുത്തൊഴുക്കില്‍ മണ്ണും കല്ലുകളും ഒലിച്ചു പോകാതെ നിലനിര്‍ത്തുവാന്‍ ഈ വിദ്യയ്ക്കു കഴിയുമെന്ന് കയര്‍ഫെഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. മണ്ണിനെ തടഞ്ഞു നിര്‍ത്താനും സംരഭിക്കാനും ചെക്ക് ഡാം പോലെ കയര്‍ ജിയോ ടെക്സറ്റൈല്‍സ് പ്രവര്‍ത്തിക്കുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ ഈ വിദ്യ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. നാല്‍പ്പതു സെന്റീമീറ്റര്‍ പൊക്കത്തില്‍ കരിങ്കല്ലും മണ്ണും ഉപയോഗിച്ച് പാക്ക് ചെയ്ത് ഉറപ്പിക്കുന്ന രീതിയാണ് ഇത്തരം വിദ്യയിലൂടെ അവലംബിക്കപ്പെടുന്നത്. 

കയര്‍മാറ്റിനുള്ളിലെ മണ്ണും മെറ്റലുകളും ഉറച്ച് പ്രതലം പാറ കണക്കെ ഉറയ്ക്കുകയും ഏറെ നാള്‍ ഈടു നില്‍ക്കുകയും ചെയ്യുന്നു. ഹൈറേഞ്ച് മേഖലയില്‍ ആദ്യമായാണ് ഈ വിദ്യ പ്രയോജനപ്പെടുത്തുന്നത്. പണി പൂര്‍ത്തിയായാല്‍ പാലത്തിലൂടെ 25 ടണ്‍ ഭാരം വരെ കയറ്റിവിടാനാവും. രണ്ടു ദിവസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കി പാലം തുറക്കാനാവുമെന്നാണ് പ്രതീക്ഷ. പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളായി പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരുന്നു. 

അതേ സയമം പാലം തകര്‍ന്നത് മുതലെടുത്ത് യാത്രക്കാരില്‍ നിന്നും അമിത തുക ഈടാക്കിയിരുന്ന ഓട്ടോ, ജീപ്പ് ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ നടപടികളെടുത്തിട്ടുണ്ട്. യാത്രക്കാരുടെ കൂലി നിശ്ചയിച്ച് പൊലീസിന്റെ നേതൃത്വത്തില്‍ ബോര്‍ഡും പാലത്തിനരികില്‍ സ്ഥാപിച്ചിട്ടുണ്ട്. പെരിയവരയില്‍ നിന്നും മറയൂരിലേയ്ക്ക് ഒരാള്‍ക്ക് യാത്ര ചെയ്യുവാന്‍ ജീപ്പിന് 70 രൂപയും ഓട്ടോയ്ക്ക് 100 രൂപയും ആയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.