ഇടുക്കി. ഇടുക്കിയിലേത് സംസ്ഥാനത്തിലെ തന്നെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണെന്ന് ജില്ലാ പൊലീസ് മേധാവി. ജില്ലയിലെ പൊലീസ് സേനയുടെ പ്രവര്‍ത്തന മാതൃക സംസ്ഥാനത്തിനൊട്ടാകെ പ്രചോദനമാണെന്ന് ഡിജിപി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ വച്ചു നടന്ന കേരള പൊലീസ് അസോസിയേഷന്റെ 36-ാം ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലമായി ഇടുക്കി ജില്ലാ പൊലീസ് ഏറ്റവും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ നടന്ന കൊലപാതക കേസുകള്‍ ഉള്‍പ്പെടെയുള്ളവ സ്വന്തം നിലയില്‍ തെളിയിക്കാനായി. അതിന് ഉത്തമ ഉദാഹരണമാണ് വണ്ണപ്പുറം കേസ്. നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ളതില്‍ നിന്നും മികച്ച പുരോഗതിയാണ് ഇടുക്കി പൊലീസ് സേന കൈവരിച്ചത്. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനായതാണ് ഇതിനു കാരണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പ്രളയസമയത്ത് ഇടുക്കിയിലെ പൊലീസ് കരുതലോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രളയാനന്തരമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വ്വീസിലിരിക്കെ കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ പൊലീസ് സേനാംഗങ്ങള്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ടായിരുന്നു സമ്മേളനം തുടങ്ങിയത്. വിവിധ രംഗങ്ങളിലായി പ്രവര്‍ത്തിച്ച് മരണമടഞ്ഞ് മഹത് വ്യക്തികളെയും സമ്മേളനത്തിൽ അനുസ്മരിച്ചു. 

സംഘടനാ റിപ്പോര്‍ട്ട്, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. അസോസിയേഷന്റെ പ്രസിഡന്റ് ഇ.ജി.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ ഡി.വൈ.എസ്.പി സുനീഷ് ബാബു, സംസ്ഥാന എക്സിക്യുട്ടീവ് അംഗം സനല്‍ ചക്രപാണി, സെക്രട്ടറി പി.കെ.ബിജു, സംസ്ഥാന ട്രഷറര്‍ എസ്.ഷൈജു, സാജന്‍ സേവ്യര്‍, കെ.ജി.പ്രകാശ്, അബ്ദുള്‍ മജീദ്, കെ.എസ്.ഔസേപ്പ് എന്നിവര്‍ പ്രസംഗിച്ചു.