വേതന വര്‍ധനവിന് മൂന്ന് ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും ഇവയെല്ലാം ഐ.എച്ച്.ആര്‍.ഡി താല്‍ക്കാലിക അധ്യപകരുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടു

കല്‍പ്പറ്റ: സംസ്ഥാനത്ത് ഐ എച്ച് ആര്‍ ഡിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അധ്യാപകര്‍ വേതന വര്‍ധനവില്ലാതെ പാടുപ്പെടുന്നു. പ്രത്യേക ഉത്തരവുകളിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. 2018 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇത് നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും ഇവയെല്ലാം ഐ എച്ച് ആര്‍ ഡി താല്‍ക്കാലിക അധ്യപകരുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടു. 

ഐ എച്ച് ആര്‍ ഡിക്ക് കീഴിലുള്ള സ്ഥിരം അധ്യാപകര്‍ നിലവില്‍ വന്‍തുക ശമ്പളം വാങ്ങുമ്പോഴാണ് സ്ഥാപനങ്ങളുടെ ദൈനംദിന കാര്യങ്ങളിലെല്ലാം പങ്കാളികളാകുന്ന താല്‍ക്കാലിക അധ്യാപകര്‍ക്ക് തുച്ഛമായ വേതനം നല്‍കുന്നത്. തുല്യയോഗ്യതയും ഒരേ ജോലിഭാരവും ഉണ്ടായിട്ടും താല്‍ക്കാലിക അധ്യാപകരോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. 

വേതനത്തില്‍ കാലാനുസൃത മാറ്റമെങ്കിലും വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്താകെ 88 സ്ഥാപനങ്ങളിലായി 1500 ഓളം താല്‍ക്കാലിക അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇവരുടെ യൂണിയന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ പ്രശ്‌നം ചൂണ്ടിക്കാട്ടിയെങ്കിലും സാമ്പത്തിക പരാധീനതയെന്ന മറുപടിയാണത്രേ ലഭിച്ചത്. മനുഷ്യവകാശ കമ്മീഷനും വേതനം വര്‍ധിപ്പിച്ച് നല്‍കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. 

നിലവില്‍ യു ജി സി യോഗ്യതയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും യഥാക്രമം 18000, 16000 രൂപ വീതമാണ് ലഭിക്കുന്നത്. പാര്‍ട്ട്‌ടൈം ലക്ചര്‍മാര്‍ക്ക് ദിവസവേതനമായി 800 രൂപയും ഡെമോണ്‍സ്‌ട്രേറ്റര്‍മാര്‍ക്ക് 500 രൂപയും നല്‍കുന്നുണ്ട്. അതേസമയം മനുഷ്യവകാശ കമ്മീഷന് മുമ്പാകെ ഐ എച്ച് ആര്‍ ഡി അധികൃതര്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ സാമ്പത്തിക പരാധീനതയാണ് വേതനവര്‍ധവിന് തടസമെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ഗസ്റ്റ് ലക്ചര്‍മാരും പാര്‍ട്ട്‌ടൈം അധ്യാപകരും അറിയിച്ചു.