Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി; കണ്ടെത്തിയത് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്കുകള്‍

നരിക്കോട് മലയിൽ താമസിക്കുന്ന ജോഷിയുടെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവ കണ്ടെത്തിയത്. ജോഷിയെ കൊളവല്ലൂ‍ർ പൊലീസ് അറസ്റ്റ് ചെയ്തു.

illegal explosives caught in kannur one arrest
Author
Kannur, First Published Apr 7, 2022, 11:28 PM IST

കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂർ നരിക്കോട് മലയില്‍ നിന്ന് സ്ഫോടക വസ്തുകള്‍ പിടികൂടി. നരിക്കോട് മലയിൽ താമസിക്കുന്ന ജോഷിയുടെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവ കണ്ടെത്തിയത്. ജോഷിയെ കൊളവല്ലൂ‍ർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാറ്റ് നിര്‍മാണം നടത്തുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. 

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന്‍റെ കാൽ ബോംബേറിൽ ത‍കർന്നു

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറിൽ യുവാവിന്‍റെ കാലിന് ഗുരുതര പരിക്കേറ്റു. ബോംബ് സ്ഫോടനത്തിൽ യുവാവിന്‍റെ വലത്തേക്കാൽ ചിന്നിച്ചിതറിയെന്നാണ് വിവരം. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു. സിജു, സുനിൽ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കവെ ഇന്ന് രാത്രി ഏഴരയോടെയാണ് ക്ലീറ്റസ് ആക്രമിക്കപ്പെട്ടത്. തുമ്പ സ്വദേശിയായ അജിത്  ലിയോണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് വിവരം. ആക്രമണം നടത്തിയ അജിത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ആഴ്ചകൾക്ക് മുൻപാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. 

വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ പരാതി കൊടുത്ത യുവാവിന് മര്‍ദ്ദനം

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ പരാതി കൊടുത്തതിന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. വർക്കല സ്വദേശി അനുവിനെയാണ് കഴിഞ്ഞ ആഴ്ച ചാവടിമുക്ക് ജംഗ്ഷനിൽ വച്ച് മർദ്ദിച്ച് അവശനാക്കിയത്.

അനുവിന്റെ വീടിന്റെ പരിസരത്തുള്ള സ്കൂളിലെ ചില പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗവും ബൈക്ക് റൈസും നടത്തിയിരുന്നു. ഇതിനെ പ്രദേശവാസികള്‍ പല തവണ ചോദ്യം ചെയ്യുകയും നിര്‍ത്താതായതോടെ സ്കൂളില്‍ പരാതി കൊടുക്കുകയും ചെയ്തു. എന്നിട്ടും പ്രശ്ന പരിഹാരം ഇല്ലാതായതോടെ അനുവിന്‍റെ നേതൃത്വത്തില്‍ പ്രദേശത്തെ 40 പേര്‍ ഒപ്പിട്ട പരാതി പൊലീസിന് കൈമാറി. ഇതില്‍ പ്രകോപിതരായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അനുവിന്‍റെ വീട്ടിന് മുന്നിലെത്തി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും വര്‍ക്കല ഡിവൈഎസ്പിക്ക് പരാതി നല്‍കിയതായി അനു പറയുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 ന് രാത്രി 10.30 ന് അനുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ് വീണ അനുവിനെ നാട്ടുകാർ ചേർന്നാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അനുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആയിരൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios